
ദുബായ് ഇമിഗ്രേഷന് ഷാർജ ഗവൺമെന്‍റ് കമ്യൂണിക്കേഷൻ അവാർഡ്
ദുബായ്: 12-ാമത് ഷാർജ ഗവൺമെന്‍റ് കമ്യൂണിക്കേഷൻ അവാർഡ് 2025-ൽ മികച്ച ഇന്റഗ്രേറ്റഡ് സർക്കാർ കമ്യൂണിക്കേഷൻ സംവിധാനത്തിനുള്ള പുരസ്കാരം ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) – ദുബായ് കരസ്ഥമാക്കി. ഷാർജ ഡപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹ്‌മദ് അൽ ഖാസിമിയിൽ നിന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്റ്റർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അവാർഡ് ഏറ്റുവാങ്ങി.
ജിഡിആർഎഫ്എ ദുബായുടെ മാർക്കറ്റിങ് ആൻഡ് ഗവൺമെന്‍റ് കമ്യൂണിക്കേഷൻ വിഭാഗത്തിന്‍റെ ദീർഘകാല പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. ശാസ്ത്രീയ മാതൃകകൾ അടിസ്ഥാനമാക്കി വികസിപ്പിച്ച സംവിധാനത്തിൽ നയങ്ങളും തന്ത്രപരമായ മാധ്യമ സന്ദേശങ്ങളും, സ്വാധീനം അളക്കാനുള്ള സാങ്കേതിക ഉപകരണങ്ങളും, ആഭ്യന്തര – ബാഹ്യ ആശയവിനിമയ പദ്ധതികളും ഉൾപ്പെടുന്നു.
“നവീകരണവും സുതാര്യതയും മനുഷ്യകേന്ദ്രിത ഇടപെടലുകളും സമന്വയിപ്പിക്കുന്ന ഒരു സംവിധാനം രൂപപ്പെടുത്താൻ കഴിഞ്ഞതാണ് ഈ അംഗീകാരം നേടാൻ വഴിയൊരുക്കിയത്” എന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.