

സൈബർ പരാതികൾ ഇനി ‘ആമർ’സെന്‍ററുകളിൽ നൽകാമെന്ന് ദുബായ് ഇമിഗ്രേഷൻ
ദുബായ്: പൊതുജനങ്ങളുടെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പുതിയ സൈബർ റിപ്പോർട്ടിംഗ് സംവിധാനം അവതരിപ്പിച്ചു. ഇനി മുതൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളും സംശയങ്ങളും ‘ആമർ’കോൺടാക്ട് സെന്‍റർ വഴിയും എളുപ്പത്തിൽ അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
“നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്”എന്ന സന്ദേശത്തോടെയാണ് സേവനം ആരംഭിച്ചത്. വ്യാജ അക്കൗണ്ടുകൾ, ഔദ്യോഗിക സ്ഥാപനങ്ങളെന്ന വ്യാജേന പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ, സംശയാസ്പദമായ ഓൺലൈൻ ഇടപാടുകൾ, സൈബർ ഭീഷണികൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ജിഡിആർഎഫ്എ നിർദേശിച്ചു. ഇതിനായി ‘ആമർ’കോൾ സെന്‍ററിന്‍റെ ടോൾ ഫ്രീ നമ്പർ 8005111 ഉപയോഗിക്കാം.
ഇതോടൊപ്പം ഫോൺ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പും അധികൃതർ നൽകി. സർക്കാർ സ്ഥാപനങ്ങൾ ഒരിക്കലും എമിറേറ്റ്സ് ഐഡി, പാസ്‌പോർട്ട് വിവരങ്ങൾ, ഒടിപി എന്നിവ പോലുള്ള രഹസ്യ വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് ജിഡിആർഎഫ്എ ഓർമ്മിപ്പിച്ചു. അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകളോട് ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സുരക്ഷിതമായ സേവനങ്ങൾക്കായി ഔദ്യോഗികവും വിശ്വാസ്യത ഉള്ളതുമായ പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ നിർദേശിച്ചു. ‘Dubai Now’ആപ്പ്, ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിലൂടെ മാത്രമേ വിവരങ്ങൾ കൈമാറാവൂ. സമൂഹത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണം കൂടുതൽ ശക്തമാക്കുന്നതിനായാണ് പുതിയ നടപടി എന്നതും ജിഡിആർഎഫ്എ വ്യക്തമാക്കി.