
വിസകളിലും എൻട്രി സ്റ്റാമ്പുകളിലും ഗ്ലോബൽ വില്ലേജ് ലോഗോ പതിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ
ദുബായ്: ലോകത്തിലെ ഏറ്റവും ജനപ്രിയമായ സാംസ്കാരിക-വിനോദകേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്‍റെ 30-ാം സീസണിനെ വരവേൽക്കുന്നതിന്‍റെ ഭാഗമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും ഗ്ലോബൽ വില്ലേജും സംയുക്തമായി പദ്ധതി പ്രഖ്യാപിച്ചു.
ഇതിന്‍റെ ഭാഗമായി, ദുബായിൽ നിന്ന് ഇഷ്യു ചെയ്യുന്ന വിസകളിലും ദുബായ് അതിർത്തികളിലൂടെ പ്രവേശിക്കുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിലും ഗ്ലോബൽ വില്ലേജ് ലോഗോ പതിപ്പിക്കും. ഗ്ലോബൽ വില്ലേജ് സീസൺ 30 ന്‍റെ ഔദ്യോഗിക ലോഗോ അടങ്ങിയ ഈ പ്രത്യേക സ്റ്റാമ്പ് ലഭിക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്ക് ആദ്യത്തെ 10 ദിവസത്തേക്ക് സൗജന്യ പ്രവേശനം ലഭിക്കും. ഓരോ വ്യക്തിക്കും ഈ ആനുകൂല്യം ഒരിക്കൽ മാത്രമേ ഉപയോഗിക്കാനാകൂ.
പദ്ധതി പ്രഖ്യാപന ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബായ് ഹോൾഡിംഗ് എന്‍റർടൈൻമെന്‍റ് ഗ്ലോബൽ വില്ലേജ് സീനിയർ വൈസ് പ്രസിഡന്‍റായ സെയ്ന ദാഗർ, മാർക്കറ്റിംഗ് ആൻഡ് ഇവന്‍റ്സ് ഡയറക്ടർ സാറാ അൽ മുഹൈരി എന്നിവർ പങ്കെടുത്തു.