
ദുബായ് ഇമിഗ്രേഷൻ വിസ സേവനം: വീഡിയോ കോൾ സർവീസിന് മികച്ച സ്വീകാര്യത
ദുബായ്: ദുബായ് എമിറേറ്റിലെ വിസാ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആരംഭിച്ച വീഡിയോ കോൾ സേവനത്തിന് മികച്ച സ്വീകാര്യത. 2025 വർഷത്തെ ആദ്യ പകുതിയിൽ 52,212 വീഡിയോ കോളുകളാണ് ലഭിച്ചതെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.
ഇതിൽ ഏറ്റവും കൂടുതൽ കോളുകൾ ലഭിച്ചത് എൻട്രി, റെസിഡൻസി പെർമിറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടാണ് (42,433 കോളുകൾ). എസ്റ്റാബ്ലിഷ്മെന്‍റ് കാർഡ് സേവനങ്ങൾക്ക് 5,782 കോളുകളും, സാമ്പത്തിക സേവനങ്ങൾക്ക് 2,850 കോളുകളും, പാസ്‌വോർട്ട് വിതരണ സേവനങ്ങളുമായി ബന്ധപ്പെട്ട് 1,147 കോളുകളും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.
താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കാലതാമസം ഒഴിവാക്കാനുമായി 2023 -ലാണ് ജനറൽ ഡയറക്റ്ററേറ്റ് ഉപയോക്തൃ സൗഹൃദ വീഡിയോ കാൾ സേവനം ആരംഭിച്ചത്. ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം ആശയവിനിമയം നടത്തി ഇടപാടുകൾ കാര്യക്ഷമമായി പൂർത്തീകരിക്കാൻ സഹായിക്കുന്നതാണ് ഈ സേവനം.
ജനറൽ ഡയറക്റ്ററേറ്റിന്‍റെ വെബ്സൈറ്റിലൂടെയും മൊബൈൽ അപ്ലിക്കേഷനായ GDRFA DXB -യിലൂടെയും ഈ സർവീസ് ലഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകുന്നേരം 7:00 വരെയും, വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 7:30 മുതൽ 12:00 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 7:00 വരെയും സേവനം ലഭ്യമാണ്.
ഒരു വീഡിയോ കോളിന്‍റെ ശരാശരി ദൈർഘ്യം ഒരു മിനിറ്റാണ്. വീഡിയോ കോള്‍ സേവനത്തിലൂടെ അപേക്ഷകര്‍ക്ക് ഇപ്പോള്‍ ഓഫീസുകള്‍ നേരില്‍ സന്ദര്‍ശിക്കാതെ തന്നെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്താൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് 800 5111 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.