Dubai Immigrations Ideal Phase 2 initiative launched

ദുബായ് ഇമിഗ്രേഷന്‍റെ 'ഐഡിയൽ ഫേസ് 2' സംരംഭത്തിന് തുടക്കം

ദുബായ് ഇമിഗ്രേഷന്‍റെ 'ഐഡിയൽ ഫേസ് 2' സംരംഭത്തിന് തുടക്കം

ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ദുബായ്' എന്ന പ്രമേയത്തിലാണ് ഈ സംരംഭം നടപ്പിലാക്കുന്നത്
Published on

ദുബായ്: നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ പരസ്പര ബഹുമാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും സംസ്കാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമായി ദുബായ് ഇമിഗ്രേഷന്‍റെ നേതൃത്വത്തിൽ നടത്തുന്ന 'ഐഡിയൽ ഫേസ് രണ്ടാം ഘട്ടത്തിന്' തുടക്കമായി.

ഇതിന്‍റെ ഭാഗമായി ദുബായ് അന്തർദേശിയ വിമാനത്താവളത്തിൽ സജ്ജമാക്കിയ പ്രത്യേക ബൂത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ഉദ്ഘാടനം ചെയ്തു.

'ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ദുബായ്' എന്ന പ്രമേയത്തിലാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ദുബായ് എയർപോർട്ട്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാജെദ് അൽ ജോക്കർ, ജിഡിആർഎഫ്എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, ഉന്നത ഉദ്യോഗസ്ഥർ, ദുബായ് എയർപോർട്ട്‌സ് പാസഞ്ചർ ടെർമിനൽ ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് എസ്സ അൽ ഷംസി തുടങ്ങിയവർ ബൂത്ത് സന്ദർശിച്ചു.

"ഐഡിയൽ ഫേസ് 2" ബൂത്ത് 2025 ജൂലൈ 13 വരെ ദുബായ് എയർപോർട്ടിലെ ടെർമിനൽ 3-ലെ ഡിപ്പാർച്ചർ വിഭാഗത്തിൽ പ്രവർത്തിക്കും. നല്ല പെരുമാറ്റം കാഴ്ചവെച്ച വ്യക്തികൾക്ക് "ഐഡിയൽ ഫേസ് – ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ദുബായ്" എന്ന സന്ദേശം ആലേഖനം ചെയ്ത ഒരു നന്ദി കാർഡ് നൽകും. ദുബായ് വിമാനത്താവളത്തിലെ പ്ലാറ്റ്‌ഫോമിലൂടെയും ഔദ്യോഗിക പേജിലൂടെ ഡിജിറ്റലായും ഈ സംരംഭത്തിൽ പ്രതിജ്ഞയെടുക്കാം.

logo
Metro Vaartha
www.metrovaartha.com