പ്രവാസി സേവനം വിപുലീകരിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്: വിവിധ പ്രചാരണ പരിപാടികൾ പുരോഗമിക്കുന്നു

മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്റ്റോബർ 2 വരെ ആചരിച്ച 'സേവാ പഖ്‌വാഡ', ഒക്റ്റോബർ 17 വരെ നീളുന്ന 'സേവാ സങ്കൽപ് അഭിയാൻ' എന്നീ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്
Dubai Indian Consulate to expand services for expatriates

പ്രവാസി സേവനം വിപുലീകരിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്: വിവിധ പ്രചാരണ പരിപാടികൾ പുരോഗമിക്കുന്നു

Updated on: 

ദുബായ്: യുഎഇയിലെ പ്രവാസി സമൂഹത്തിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നടപ്പിലാക്കിവരുന്ന സേവനപ്രവർത്തനങ്ങളും ഇടപെടലുകളും വിപുലീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്റ്റോബർ 2 വരെ ആചരിച്ച 'സേവാ പഖ്‌വാഡ', ഒക്റ്റോബർ 17 വരെ നീളുന്ന 'സേവാ സങ്കൽപ് അഭിയാൻ' എന്നീ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്.

ഇതിന്‍റെ ഭാഗമായി സൗജന്യ നിയമസഹായ ക്യാമ്പുകൾ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള ആരോഗ്യ-സാമ്പത്തിക സാക്ഷരതാ ബോധവൽക്കരണങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടന്നുവരുന്നു.

തൊഴിലാളികൾക്ക് പ്രവാസി ഭാരതീയ ബീമാ യോജന , കോൺസുലേറ്റിന്റെ ഹെൽപ്‌ലൈൻ സേവനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ബോധവൽക്കരണം നൽകി. കേരളത്തിൽ നിന്നുള്ള പ്രവാസി ഡോക്ടർമാരുടെ കൂട്ടായ്മയായ 'എകെഎംജി എമിറേറ്റ്സുമായി' സഹകരിച്ച് മദ്യപാനത്തിന്‍റെ അനന്തരഫലങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും കുറിച്ച് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

ഹരിത സംരംഭങ്ങളുടെ ഭാഗമായി ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡിയും മറ്റ് ഉദ്യോഗസ്ഥരും ദുബായിലെ അമിറ്റി യൂണിവേഴ്സിറ്റി, മണിപ്പാൽ അക്കാദമി, ബിറ്റ്സ് പിലാനി, ദുബായ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിപുലമായ വൃക്ഷത്തൈ നടീൽ ഡ്രൈവ് സംഘടിപ്പിച്ചു.

ഷാർജയിലെ പ്രമുഖ സ്കൂളുകളിലും അജ്മാനിലും സമാനമായ രീതിയിൽ മരംനടീൽ പരിപാടികൾ നടന്നു. ഗാന്ധി ജയന്തി ദിനമായ ഒക്റ്റോബർ രണ്ടിന് കോൺസുലേറ്റിൽ ശുചിത്വ പ്രതിജ്ഞയെടുക്കുകയും സ്വച്ഛതാ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. സാമൂഹിക സേവനങ്ങളുടെ ഭാഗമായി ഷാർജ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാംപും സംഘടിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com