

ദുബായ്-ഇറ്റ്: ദുബായുടെ തൊഴിൽ സംസ്കാരത്തിന് പുതിയ ദിശ
ദുബായ്: അസാധാരണ നേട്ടങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ഗുണനിലവാരത്തോടെ നേടിയെടുക്കുക എന്ന ദുബായുടെ തനത് തൊഴിൽ സംസ്കാരം ഭാവിതലമുറയ്ക്ക് കൈമാറുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. 'ദുബായ്-ഇറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംരംഭം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.
ദുബായുടെ ഔദ്യോഗിക സ്ഥാപനങ്ങളിലും കമ്പനികളിലും വേഗതയേറിയതും കൃത്യതയുള്ളതുമായ പ്രവർത്തന ശൈലി ഒരു തൊഴിൽ സംസ്കാരമായി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. "വേഗമെന്നാൽ തത്രപ്പാടല്ല, ഗുണനിലവാരമെന്നാൽ മന്ദഗതിയുമല്ല; കൃത്യമായ നടപ്പാക്കിയില്ലെങ്കിൽ ലക്ഷ്യങ്ങൾക്ക് ഒരു മൂല്യവുമില്ല"- ഷെയ്ഖ് മുഹമ്മദ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
ദുബായുടെ അടുത്ത ഘട്ടത്തിലുള്ള വികസന കുതിപ്പിന് അടിത്തറയാകുന്ന രീതിയിലാണ് 'ദുബായ്-ഇറ്റ്' വിഭാവനം ചെയ്തിരിക്കുന്നത്. "പറയുന്നത് പ്രവർത്തിക്കുക, പ്രവർത്തിക്കുന്നത് മാത്രം പറയുക" എന്ന ദുബായുടെ മുദ്രാവാക്യം വരുംതലമുറകളിലേക്ക് കൈമാറാൻ ഈ സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.