ദുബായ്: ദുബായ് കെഫാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നാലാം സീസൺ മത്സരങ്ങൾക്ക് തിരുവോണ ദിനത്തിൽ തുടക്കമാവും. ദുബായ് ഖിസൈസിലുള്ള സ്റ്റാർസ്കൂളിലെ അൽഐൻ ഫാം സ്റ്റേഡിയത്തിലാണ് ആദ്യ ദിന മത്സരങ്ങൾ നടക്കുന്നത്.
ഉദ്‌ഘാടന മത്സരത്തിൽ കെഫാ സീസൺ ത്രീ റണ്ണർ അപ്പ് ആയ ടുഡോ മാർട്ട് എഫ്സിയും, ജി സെവൻ അൽ ഐൻ ഉം ഏറ്റുമുട്ടും. യുഎഇ യിലെ പ്രശസ്തമായ ഇരുപത്തി ഏഴ് ഫുട്ബാൾ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്‍റിൽ, ആറ് ഗ്രൂപ്പുകളിലായി, ദുബായിലും അബുദാബിയിലുമുള്ള രണ്ട് സോണുകളിലായി മത്സരങ്ങൾ നടക്കും. മത്സരങ്ങൾ രണ്ട് മാസത്തോളം നീണ്ടു നിൽക്കും.
മത്സരങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞദിവസം റഫറിമാർക്കുള്ള ഓറിയന്‍റെഷൻ ക്യാമ്പ് കെഫാ യുടെ നേതൃത്വത്തിൽ നടന്നു. ക്യാമ്പിൽ അംഗീകാരമുള്ള ഇരുപതോളം റഫറിമാർ പങ്കെടുത്തു. ഉദ്‌ഘാടന ദിനത്തിൽ കേരളീയ നാടൻ കലകളായ ചെണ്ടമേളം, കോൽക്കളി, ഓണപന്തുകളി മുതലായവ ഉണ്ടായിരിക്കും.
യുഎഇയിലെ ഫുട്ബാൾ പ്രേമികൾക്ക് മത്സരങ്ങൾ സൗജന്യമായി കാണുവാനുള്ള സൗകര്യങ്ങൾ ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് കേരളാ എക്സ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.