

ദുബായ് മലയാളം മിഷൻ പി.ടി.എ യോഗങ്ങളുടെ ഉദ്ഘാടനം
ദുബായ്: മലയാളം മിഷൻ ചാപ്റ്റർതല പി.ടി.എ യോഗങ്ങളുടെ ഉദ്ഘാടനം മലയാളം മിഷൻ വൈസ് ചെയർമാനും സാംസ്കാരിക മന്ത്രിയുമായ സജി ചെറിയാൻ നിർവഹിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ പി.ടി.എ യോഗത്തോടെയാണ് ഉദ്ഘാടന പരിപാടി നടന്നത്. വരും ദിവസങ്ങളിൽ മറ്റ് ചാപ്റ്ററുകളിലെയും യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ എല്ലാ ചാപ്റ്ററുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത പി.ടി.എ യോഗം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മലയാളം മിഷൻ വിദ്യാർഥികൾക്കായി ആഗോളതലത്തിൽ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിൽ കഴിയുന്ന കുട്ടികളെ ഒരുമിപ്പിക്കാനും സൗഹൃദവും സഹവാസവും വളർത്താനും ഇത് സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ, അംബു സതീഷ്, പ്രദീപ് തോപ്പിൽ, ഫിറോസിയ, സ്വപ്ന സജി, സന്ധ്യ, ജിസ്സ മേരി, സുരേഷ് നാട്ടിൻചിറ, ദീപ പ്രശാന്ത് എന്നിവർ അധ്യാപകരെ പ്രതിനിധീകരിച്ച് സംസാരിച്ചു. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് മുഹമ്മദ് സിഞ്ചു, അജാസ്, ധന്യ പ്രമോദ്, നുസ്രത്, സഞ്ജീവ് തുടങ്ങിയവരും അഭിപ്രായങ്ങൾ പങ്കുവെച്ചു. ദുബൈ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ സ്വാഗതവും കൺവീനർ സ്മിത മേനോൻ നന്ദിയും പറഞ്ഞു.