
ദുബായ് മെട്രോ റമദാൻ സമയക്രമം പ്രഖ്യാപിച്ചു: പാർക്കിങ്, സാലിക് സമയങ്ങളിലും മാറ്റം
ദുബായ്: റമദാൻ മാസത്തിലെ ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളുടെ സമയക്രമം പ്രഖ്യാപിച്ച് ആർടിഎ മെട്രോ തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 5 മുതൽ അർധരാത്രി വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 5 മുതൽ പുലർച്ചെ 1 വരെയും, ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ അർധരാത്രി വരെയും മെട്രോ പ്രവർത്തിക്കും.
പൊതു പാർക്കിങ് സമയമാറ്റം
തിങ്കൾ മുതൽ ശനി വരെ ഈ സമയങ്ങളിൽ പാർക്കിങ് നിരക്ക് നൽകണം.
ആദ്യ ഘട്ടം: രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ.
രണ്ടാം ഘട്ടം: രാത്രി 8 മുതൽ അർധരാത്രി വരെ.
തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മുതൽ രാത്രി 8 വരെയുള്ള സമയത്ത് പാർക്കിങ് സൗജന്യമാണ്. ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.
മൾട്ടി ലെവൽ പാർക്കിങ് കെട്ടിടങ്ങൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
സാലിക് നിരക്കുകൾ:
റമദാൻ മാസത്തിൽ പ്രവർത്തി ദിനങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 6 ദിർഹമാണ് നിരക്ക്. രാവിലെ 7 മുതൽ 9 വരെയും, വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെയും 4 ദിർഹമായിരിക്കും നിരക്ക്.
റമദാനിൽ തിങ്കൾ മുതൽ ശനി വരെ പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് നിരക്ക് ഈടാക്കില്ല.
റമദാനിലെ ഞായറാഴ്ചകളിൽ, രാവിലെ 7 മുതൽ പുലർച്ചെ 2 വരെ 4 ദിർഹം ആയിരിക്കും; പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സൗജന്യമായിരിക്കും.
ദുബായ് ട്രാം
ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ പുലർച്ചെ 1 വരെയും, ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും സർവിസ് നടത്തും.
ദുബായ് ആർ ടി എ യുടെ പൊതു ബസുകളുടെയും മറൈൻ ട്രാൻസ്‌പോർട്ടിന്റെയും പ്രവർത്തന സമയങ്ങളുടെ പൂർണ വിവരങ്ങൾക്കായി സുഹൈൽ ആപ്പ്, അല്ലെങ്കിൽ ആർ.ടി.എ വെബ്‌സൈറ്റ് പരിശോധിക്കാൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
കസ്റ്റമർ ഹാപ്പിനസ്, സർവിസ് സെന്ററുകൾ എന്നിവയുടെ പുതുക്കിയ സമയക്രമം ആർ.ടി.എ വെബ്‌സൈറ്റിൽ ലഭ്യമാണ്.