
ദുബായ് മെട്രോ ബ്ലൂ ലൈൻ, ഇത്തിഹാദ് റെയിൽ നിർമാണ പ്രവർത്തനം: പ്രധാന റോഡുകൾ അടച്ചിടും
ദുബായ്: യുഎഇ യുടെ ദേശിയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിൽ, ദുബായ് മെട്രോ ബ്ലൂ ലെയ്ൻ എന്നിവയുടെ നിർമാണ പ്രവത്തനങ്ങൾ സുഗമമായി നടത്തുന്നതിന് രാജ്യത്തെ ചില പ്രധാന റോഡുകൾ അടച്ചിടുന്നു.
ഷാർജയിലെ മലീഹ റോഡ് അടച്ചിടൽ
ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപം മലീഹ റോഡിനെയും ഷാർജ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന നിരത്തുകൾ ഓഗസ്റ്റ് 30 ശനിയാഴ്ച വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് മിർദിഫിൽ റോഡ് അടച്ചിടലും വഴി തിരിച്ചു വിടലും
ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമാണത്തിന്‍റെ ഭാഗമായി മിർദിഫിൽ ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. മിർദിഫിന്‍റെ സിറ്റി സെന്‍ററിന് സമീപമുള്ള 5 നും 8 നും ഇടയിലുള്ള റൗണ്ട്എബൗട്ട് ജംഗ്‌ഷൻ അടച്ചിടും, 5 മുതൽ 8 വരെയുള്ളവ സിറ്റി സെന്റർ മിർദിഫിലേക്കും, 8 മുതൽ 5 വരെയുള്ളത് അൾജീരിയ സ്ട്രീറ്റിലേക്കും വഴിതിരിച്ചുവിടും.
മാൾ സന്ദർശകർക്കായി പാർക്കിങ് ഏരിയയിലേക്ക് ഒരു ബദൽ റോഡ് ആർടിഎ സജ്ജമാക്കും.
മിർദിഫ് സ്ട്രീറ്റിൽ നിന്ന് വരുന്ന താമസക്കാർക്ക് 'ഗൊറൂബ് സ്ക്വയറിനടുത്ത് യു-ടേൺ സൗകര്യം നൽകും.
2029 സെപ്റ്റംബർ 9 ന് ദുബായ് മെട്രോ ബ്ലൂ ലൈൻ പ്രവർത്തനക്ഷമമാവും.
ദുബായ് ക്രീക്കിന് കുറുകെയുള്ള ആദ്യത്തെ മെട്രോ പാതയാണിത്.
2029 ആകുമ്പോഴേക്കും 50,000-ത്തിലധികം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ പദ്ധതിയിട്ടിരിക്കുന്ന ദുബായ് അക്കാദമി സിറ്റിയുമായി ബ്ലൂ ലൈൻ ബന്ധിപ്പിക്കും.