
ദുബായ് മെട്രൊയുടെ ബ്ലൂ ലൈൻ 2029 മുതൽ പ്രവർത്തക്ഷമമാവും: ആകെ ദൈർഘ്യം 30 കിമി പത്ത് ലക്ഷം പേർക്ക് പ്രയോജനം
ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി പ്രഖ്യാപിച്ച ദുബായ് മെട്രൊ ബ്ലൂ ലൈൻ പദ്ധതി 2029 ഇൽ പ്രവർത്തനക്ഷമമാവും. പത്ത് ലക്ഷം യാത്രക്കാർക്ക് ബ്ലൂ ലൈൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2009 സെപ്റ്റംബർ 9 ന് തുറന്ന റെഡ് ലൈനിന്‍റെ 20-ാം വാർഷികമായ 2029 സെപ്റ്റംബർ 9 ന് നീലപാതയിലൂടെ സർവീസ് തുടങ്ങും.
പ്രമുഖ തുർക്കി, ചൈനീസ് കമ്പനികളായ മാപ, ലിമാക്, സിആർആർസി എന്നിവയുടെ കൺസോർഷ്യത്തിനാണ് 20.5 ബില്യൺ ദിർഹം മുതൽ മുടക്കിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണ ചുമതല.
"ലോകത്തിലെ ഏറ്റവും മികച്ച താമസ നഗരമായി മാറുന്നതിനുള്ള ദുബായിയുടെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് ബ്ലൂ ലൈൻ," ആർടിഎയുടെ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
രണ്ട് റൂട്ടുകൾ
നിലവിലുള്ള റെഡ്, ഗ്രീൻ മെട്രോ ലൈനുകളുമായി സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത രണ്ട് പ്രധാന റൂട്ടുകളാണ് ബ്ലൂ ലൈനിൽ ഉണ്ടാവുക.
അൽ ഖോർ (ഗ്രീൻ ലൈൻ) മുതൽ അക്കാദമിക് സിറ്റി വരെ 10 സ്റ്റേഷനുകൾ വഴി കടന്നുപോകുന്ന 21 കിലോമീറ്റർ ഭാഗം
സെന്റർപോയിന്റ് (റെഡ് ലൈൻ) മുതൽ ഇന്റർനാഷണൽ സിറ്റി വരെയുള്ള 4 സ്റ്റേഷനുകൾ വഴി കടന്നുപോകുന്ന 9 കിലോമീറ്റർ ഭാഗം എന്നിവയാണ് അവ.
ഗ്രീൻ ലൈൻ വഴിയുള്ള റൂട്ട് 1
അൽ ജദ്ദാഫിലെ ഗ്രീൻ ലൈനിലെ അൽ ഖോർ ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ ,റാസ് അൽ ഖോർ, ഇന്റർനാഷണൽ സിറ്റി 1, ഇന്റർനാഷണൽ സിറ്റി 2ഉം 3 ഉം ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് അക്കാദമിക് സിറ്റി എന്നിവയിലൂടെ കടന്നുപോയി അൽ റുവായ 3 ഡിപ്പോയിൽ റൂട്ട് ഒന്ന് അവസാനിക്കുന്നു. ഈ പാതയ്ക്ക് 21 കിലോമീറ്റർ നീളവും 10 സ്റ്റേഷനുകളുമുണ്ടാകും.
റെഡ് ലൈൻ വഴിയുള്ള റൂട്ട് 2
ബ്ലൂ ലൈനിന്റെ രണ്ടാം റൂട്ട് അൽ റാഷിദിയയിലെ റെഡ് ലൈനിലെ സെന്റർപോയിന്റ് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് മിർദിഫ്, അൽ വർഖ, ഇന്റർനാഷണൽ സിറ്റി (1) എന്നിവയിലൂടെ കടന്ന് റൂട്ട് ഒന്നുമായി ബന്ധിപ്പിക്കും. ഈ പാതയുടെ ആകെ നീളം 9 കിലോമീറ്ററാണ്.ഇതിൽ നാല് സ്റ്റേഷനുകൾ ഉണ്ടാകും. രണ്ട് മിനിറ്റ് ഇടവേളകയിൽ സർവീസ് ഉണ്ടാകും.
ബ്ലൂ ലൈനിന്‍റെ ചില സവിശേഷതകൾ
15.5 കിലോമീറ്റർ ഭൂഗർഭ ട്രാക്ക്
14.5 കിലോമീറ്റർ എലിവേറ്റഡ് ട്രാക്ക്
3 ഇന്‍റർ ചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 14 പുതിയ സ്റ്റേഷനുകൾ
ദുബായ് ക്രീക്കിന് മുകളിലൂടെ 1.3 കിലോമീറ്റർ ദൈർഘ്യമുള്ള പാലം.
ലോകപ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ SOM രൂപകൽപ്പന ചെയ്ത ദുബായ് ക്രീക്ക് ഹാർബറിലെ ഒരു ഷോപീസ് സ്റ്റേഷൻ
44,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഇന്റർനാഷണൽ സിറ്റി (1) ഭൂഗർഭ ഇന്‍റർചേഞ്ച് സ്റ്റേഷൻ.
പ്രതിദിനം 350,000 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ ശേഷി ഇതിനുണ്ട്.
10 ലക്ഷം താമസക്കാർക്ക് നേരിട്ട് സേവനം
പ്ലാറ്റിനം ഗ്രേഡ് ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ സ്റ്റേഷൻ നിർമാണം.
2040 ആകുമ്പോഴേക്കും ഗതാഗതക്കുരുക്ക് 20% കുറയ്ക്കാനും, മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ആസ്തിയുടെ മൂല്യം 25% വരെ വർദ്ധിപ്പിക്കാനും സാധിക്കുമെന്നാണ് ആർ ടി എ യുടെ പ്രതീക്ഷ. വിവിധ രീതികളിലൂടെ
56.5 ബില്യൺ ദിർഹം വരുമാനം നേടാൻ ബ്ലൂ ലൈൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ പ്രധാന സ്ഥലങ്ങൾക്കിടയിലെ യാത്രാ സമയം 10-25 മിനിറ്റായി കുറയും.
രണ്ട് ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ബ്ലൂ ലൈന് ശേഷിയുണ്ട്. 2030 ആകുമ്പോഴേക്കും 200,000 പ്രതിദിന യാത്രക്കാരെയും 2040 ആകുമ്പോഴേക്കും 320,000 പ്രതിദിന യാത്രക്കാരെയും ഉൾക്കൊള്ളാൻ പുതിയ റൂട്ടിന് സാധിക്കും.
നിർമാണം പൂർത്തിയാകുമ്പോൾ മെട്രോയും ട്രാമും ഉൾപ്പെടെയുള്ളദുബായുടെ ട്രെയിൻ സംവിധാനം 131 കിലോമീറ്ററായി വർദ്ധിക്കുകയും 78 സ്റ്റേഷനുകളായി ഉയരുകയും ചെയ്യും. ഇതോടെ ദുബായ് മെട്രോ
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയായി മാറുമെന്ന് ആർ ടി എ വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾക്കായി അൽ റുവയ്യ 3 ൽ പ്രത്യേക ട്രെയിൻ ഡിപ്പോയും നിർമ്മിക്കും.
ബുർജ് ഖലീഫ, ചിക്കാഗോയിലെ വില്ലിസ് ടവർ തുടങ്ങിയ വിസ്മയ നിർമിതികൾക്ക് പിന്നിലുള്ള പ്രശസ്ത ആർക്കിടെക്ചർ സ്ഥാപനമായ സ്കിഡ്‌മോർ, ഓവിംഗ്സ് & മെറിൽ (എസ്‌ഒഎം) രൂപകൽപ്പന ചെയ്ത ദുബായ് ക്രീക്ക് ഹാർബർ സ്റ്റേഷനാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. 10,800 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ സ്റ്റേഷന് പ്രതിദിനം 160,000 യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കും.
.