ദുബായ്: യുഎഇയിലെ ഏറ്റവും ദൈർഘ്യമേറിയ പർവത പാതകളുടെ വികസനം ഹത്തയിൽ (ഹത്ത മൗണ്ടൻ ട്രയൽസ്) ദുബായ് മുനിസിപ്പാലിറ്റി പൂർത്തിയാക്കി. ഇതിൽ 53 കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന 21 സൈക്ലിംഗ് റൂട്ടുകളും 33 കിലോമീറ്ററിൽ 17 നടപ്പാതകളും 9 തടിപ്പാലങ്ങളും 14 വിശ്രമ സ്റ്റോപ്പുകളും സേവന സൗകര്യങ്ങളും ഉൾപ്പെടുന്നു. ഹത്തയെ ഈ മേഖലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി സ്ഥാപിക്കാനായി ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് ഹത്ത മൗണ്ടൻ ട്രയൽസ്. ഇതോടെ ഹത്ത രാജ്യത്തെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയാണ്.
ദുർഘടമായ ഈ പാതകളെ നാല് നിറങ്ങളുള്ള കോഡായി തരം തിരിച്ചിരിക്കുന്നു: പച്ച (സൈക്ലിങ്ങിന് നാല് ട്രാക്കുകളും നടക്കാൻ നാല് ട്രാക്കുകളും), നീല (സൈക്ലിംഗിനായി ആറ് ട്രാക്കുകളും നടത്തത്തിന് മൂന്ന് ട്രാക്കുകളും), ചുവപ്പ് (സൈക്ലിംഗിന് എട്ട് റൂട്ടുകളും നടത്തത്തിന് ആറ് വഴികളും), കറുപ്പ് (സൈക്ലിങ്ങിന് മൂന്ന് പാതകളും നടക്കാൻ നാലെണ്ണവും).
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശ പ്രകാരമാണ് ഹത്ത മൗണ്ടൻ ട്രയൽസ് പദ്ധതി വികസിപ്പിച്ചതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയരക്ടർ ജനറൽ ദാവൂദ് അൽ ഹാജ്‌രി പറഞ്ഞു. ദുബൈയിലെ ജീവിത നിലവാരം ഉയർത്തുകയും ലോകത്തെ ഏറ്റവും സജീവവും ആരോഗ്യകരവുമായ നഗരമായി അതിനെ മാറ്റുകയും ചെയ്യാൻ ലക്ഷ്യമിട്ടാണിത്. ഹത്ത പ്രദേശത്തെ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കുമായി പ്രമുഖ ടൂറിസം കേന്ദ്രമാക്കാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര പരിപാടികൾക്കും മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന ഹത്ത മൗണ്ടൻ ട്രയൽസ് ഏറ്റവും ഉയർന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു. ചുറ്റുപാടുമുള്ള ഹത്ത ഭൂപ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ഉപകരണങ്ങളും വസ്തുക്കളും ഉപയോഗിച്ച് നിർമിച്ച ഈ പാതകൾ സൈക്ലിംഗ് പ്രേമികൾക്ക് യഥാർത്ഥത്തിൽ സവിശേഷമായ അനുഭവമാണ് സമ്മാനിക്കുക.
ലോകോത്തര പാതകൾ
കാർ പാർക്കിംഗ്, ടോയ്‌ലറ്റുകൾ, ബൈക്ക് വാടകയ്‌ക്ക് നൽകൽ, റിപ്പയർ സേവനങ്ങൾ, ഇന്ധനം നിറയ്ക്കുന്ന സ്ഥലങ്ങൾ, യാത്രക്കാർക്ക് വിശ്രമിക്കാൻ കഴിയുന്ന വിശ്രമ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളും സേവനങ്ങളും ഹത്ത മൗണ്ടൻ ട്രയൽസ് വാഗ്ദാനം ചെയ്യുന്നു.
സമഗ്ര വികസന പദ്ധതി
ദുബൈ മുനിസിപ്പാലിറ്റി 10 മാസമെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് സമഗ്ര വികസന പദ്ധതി നടപ്പിലാക്കിയത്. രണ്ടാം ഘട്ടത്തിൽ പാതകളിലും മറ്റ് സ്ഥലങ്ങളിലും വിശ്രമ ഇടങ്ങളും സേവന സൗകര്യങ്ങളും നിർമിക്കുകയും സൈക്കിൾ യാത്രക്കാരെ സുരക്ഷിതവും വ്യത്യസ്തമായ അനുഭവം ആസ്വദിക്കാൻ സഹായിക്കുന്നതിന് 176 സൈൻ പോസ്റ്റുകളും 650 ദിശാ സൂചികളും സ്ഥാപിക്കുകയും ചെയ്തു. പാറക്കെട്ടുകൾ, പർവത പ്രദേശങ്ങൾ, ദുർഘടമായ കൊടുമുടികൾ, താഴ്‌വരകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഭൂപ്രകൃതികളിലൂടെയും പ്രകൃതി ദൃശ്യങ്ങളിലൂടെയും ഹത്ത പർവത പാതകൾ കടന്നു പോകുന്നു.