
വ്യാജ റിയൽ എസ്റ്റേറ്റ് ഏജന്‍റിനെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
ദുബായ്: വ്യാജ അപ്പാർട്ട്മെന്‍റ് വാടക പരസ്യങ്ങളിലൂടെ ഇരകളെ കബളിപ്പിച്ച് പണം തട്ടിയയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 'വഞ്ചനയെക്കുറിച്ച് ജാഗ്രത പാലിക്കുക' എന്ന ക്യാംപെയിനിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
വീട്ടുടമയെന്ന് തെറ്റിദ്ധരിപ്പിച്ച് താമസ സ്ഥലം കൈവിട്ട് പോകാതിരിക്കാൻ ഒരു ഡെപോസിറ്റ് തുക കൈമാറാൻ ഇരകളോട് ആവശ്യപ്പെടുകയും പണം കിട്ടി കഴിഞ്ഞാൽ മുങ്ങുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ദുബായ് പൊലിസ് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്‍റി ഫ്രോഡ് സെന്‍റർ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത് സൈബർ തട്ടിപ്പാണെന്നും, ഇയാൾ നിയമ പ്രകാരം ശിക്ഷാർഹനാണെന്നും പൊലീസ് വ്യക്തമാക്കി. ആന്‍റി ഫ്രോഡ് സെന്‍റർ അത്തരം കേസുകൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വീട്ടുടമക്ക് സ്വത്തിൻ മേലുള്ള ഉടമസ്ഥാവകാശം സ്ഥിരീകരിക്കുകയും, ഔദ്യോഗികവും അംഗീകൃതവുമായ മാർഗങ്ങളിലൂടെ വാടക കരാറുകൾ പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ പണം നൽകാവൂ എന്ന് പൊലീസ് നിർദേശം നൽകി.
തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ ദുബായ് പൊലീസിന്‍റെ ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.