
ഓടുന്ന വാഹനങ്ങളിൽ 'നൃത്താഭ്യാസം'; രണ്ട് ഡ്രൈവർമാർ അറസ്റ്റിൽ
ദുബായ്: പൊതുനിരത്തിൽ ഓടുന്ന വാഹനങ്ങളിൽ 'നൃത്താഭ്യാസം' നടത്തിയ രണ്ട് ഡ്രൈവർമാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു.സമൂഹ മാധ്യമങ്ങളിൽ പ്രശസ്തി നേടുന്നതിനാണ് ഇവർ ഓടിക്കൊണ്ടിരുന്ന വാഹനങ്ങളിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്തത്.
ഇവരുടെ അഭ്യാസങ്ങളുടെ വീഡിയോ ഓൺലൈനിൽ വൈറലായതിനെത്തുടർന്നാണ് ട്രാഫിക് പട്രോളിങ് വിഭാഗം അന്വേഷണം നടത്തി ഡ്രൈവർമാരെ തിരിച്ചറിഞ്ഞതെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി. ഇവർ ഓടുന്ന വാഹനങ്ങളുടെ ബോണറ്റിൽ കയറി നിന്ന് ദൃശ്യങ്ങൾ പകർത്തുന്നത് വിഡിയോയിൽ വ്യക്തമാണ്.
ഇത്തരത്തിലുള്ള അശ്രദ്ധമായ പെരുമാറ്റം ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഗുരുതരമായ വെല്ലുവിളിയാണെന്നും ഗതാഗത നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ബ്രിഗേഡിയർ ബിൻ സുവൈദാൻ പറഞ്ഞു. 2023 ലെ ഗതാഗത നിയമ പ്രകാരം രണ്ട് വാഹനങ്ങളും ദുബായ് പൊലീസ് പിടിച്ചെടുത്തു. വാഹനം വിട്ടുകിട്ടണമെങ്കിൽ 50,000 ദിർഹം പിഴ നൽകേണ്ടി വരും. “പൊതു റോഡുകൾ അഭ്യാസങ്ങൾക്കുള്ള സ്ഥലങ്ങളല്ല. അത്തരം പെരുമാറ്റം പൂർണ്ണമായും അസ്വീകാര്യമാണ്,” ബ്രിഗേഡിയർ ബിൻ സുവൈദാൻ കൂട്ടിച്ചേർത്തു. ഗതാഗത നിയമലംഘനമോ അപകടകരമായ മറ്റേതെങ്കിലും പ്രവൃത്തിയോ ശ്രദ്ധയിൽ പെട്ടാൽ ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ' സംവിധാനം വഴിയോ 901 എന്ന അടിയന്തര നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.