മധുര പലഹാരത്തിൽ ഒളിപ്പിച്ച് 50 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ദുബായിൽ 15 പേർ അറസ്റ്റിൽ

സംഘത്തിൽ 10 പുരുഷന്മാരും 5 സ്ത്രീകളും
Dubai Police arrested gang promoting 'drug-flavored' sweets

മധുര പലഹാരത്തിൽ ഒളിപ്പിച്ച് 50 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ദുബായിൽ 15 പേർ അറസ്റ്റിൽ

Updated on

ദുബായ്: മധുര പലഹാരത്തിലൊളിപ്പിച്ച് 50 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 15 പേരുള്ള സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ 10 പുരുഷന്മാരും 5 സ്ത്രീകളും ഉൾപ്പെടുന്നു. ഏകദേശം 2.4 ദശലക്ഷം ദിർഹം വിലവരുന്ന മയക്കുമരുന്ന് കലർന്ന 1,100 മധുര പലഹാരങ്ങളടക്കം 50 കിലോ മയക്കുമരുന്നും ഇവരിൽ നിന്നും പിടിച്ചെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ ദിനത്തോടനുബന്ധിച്ച് ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന യു.എ.ഇ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്യാമ്പെയ്‌നിന്‍റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അധികൃതർ മയക്കുമരുന്ന് വേട്ടയെ കുറിച്ച് വെളിപ്പെടുത്തിയത്.

സാധാരണ മിഠായികളെന്ന വ്യാജേന മയക്കുമരുന്നും സൈക്കോ-ആക്ടിവ് വസ്തുക്കളും കലർന്ന മധുര പലഹാരങ്ങളും സംഘം വിൽപന നടത്തിയിരുന്നു. യുവാക്കളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ ഉൽപന്നങ്ങൾ വിപണനം ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ഡിജിറ്റൽ ലോകത്തിന്‍റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിൽ കുടുംബൾ സജീവമായി പങ്കു ചേരണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്തിന് പുറത്തു നിന്നാണ് സംഘം പ്രവർത്തിക്കുന്നതെന്നും, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് അറസ്റ്റ് നടത്തിയതെന്നും നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലെ ഇന്‍റർനാഷണൽ പ്രൊട്ടക്ഷൻ സെന്‍റർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. അബ്ദുൽ റഹ്മാൻ ഷറഫ് അൽ മഅമരി പറഞ്ഞു.

എ.ഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് ഉയർന്ന പ്രൊഫഷണലിസത്തോടെ പ്രവർത്തനം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ബന്ധപ്പെട്ടവർ വിശദീകരിച്ചു. മയക്കുമരുന്ന് ഓൺലൈൻ ഭീഷണികൾ എന്നിവക്കെതിരെ വിദ്യാർഥികൾ, മാതാപിതാക്കൾ, തൊഴിലാളികൾ, ഡെലിവറി ഡ്രൈവർമാർ എന്നിവരെ ലക്ഷ്യമിട്ട് നിരവധി കാംപയിനുകളും പ്രോഗ്രാമുകളും നടത്തുന്നതായി പൊലീസ് അറിയിച്ചു. കാംപയിൻ ടീം ഇതിനകം ലേബർ ക്യാംപുകൾ, സ്കൂളുകൾ, ഷോപ്പിംഗ് മാളുകൾ, കോപറേറ്റ് ഓഫിസുകൾ എന്നിവ സന്ദർശിച്ചു.

ഈ വർഷം 270,000 സ്കൂൾ വിദ്യാർഥികളിലും 20,000ത്തിലധികം യൂണിവേഴ്സിറ്റി വിദ്യാർഥികളിലും ഇതിന്‍റെ സന്ദേശമെത്തിച്ചു. ഇക്കൊല്ലം രാജ്യാന്തര സംരക്ഷണ കേന്ദ്രം (ഐ.പി.സി) 6 കേന്ദ്രങ്ങളിലായി 1,300ലധികം വിദ്യാർഥികൾക്ക് പരിശീലനം നൽകി. എല്ലാ പ്രായത്തിലുമുള്ളവരിലും സുരക്ഷാ അവബോധം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ 901 കോൾ സെന്‍റർ, പൊലിസ് ഐ ആപ്പ്, ഇ-ക്രൈം പ്ലാറ്റ്‌ഫോം തുടങ്ങിയ ഔദ്യോഗിക ചാനലുകൾ മുഖേന റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പൊലിസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com