മാതാപിതാക്കളുമായി പിണങ്ങി വീട് വിട്ട് കൗമാരക്കാരി: തിരികെയെത്തിച്ച് ദുബായ് പൊലീസ്

വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പോയത്
Dubai police brings back teen to home

മാതാപിതാക്കളുമായി പിണങ്ങി വീട് വിട്ട് കൗമാരക്കാരി: തിരികെയെത്തിച്ച് ദുബായ് പൊലീസ്

Updated on

ദുബായ്: മാതാപിതാക്കളുമായുള്ള വഴക്കിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ കൗമാരക്കാരിയെ വീട്ടിൽ തിരികെ എത്തിച്ച് ദേര നായിഫ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ. വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പോയത്. സഹായം തേടി മാതാപിതാക്കൾ നായിഫ് പൊലീസ് സ്റ്റേഷനെ സമീപിച്ചു. സ്റ്റേഷനിലെ വിക്ടിം കമ്മ്യൂണിക്കേഷൻസ് യൂണിറ്റ് മകളെ ബന്ധപ്പെടുകയും തുടർന്ന് മാതാപിതാക്കളുടെയും മകളുടെയും അഭിപ്രായം കേട്ട ശേഷം അനുരഞ്ജന ചർച്ച നടത്തുകയും ചെയ്തു.

നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയരക്ടർ ബ്രിഗേഡിയർ ജനറൽ ഉമർ അഷൂർ, വിക്ടിം കമ്മ്യൂണിക്കേഷൻസ് യൂണിറ്റിലെ സാർജന്‍റ് സഹ്‌റ അബ്ദുൽ ഹമീദ് ഇസ്ഹാഖ്, കോർപറൽ ഹസ്സൻ അലി അൽ ബലൂഷി എന്നിവരാണ് കുറഞ്ഞ സമയത്തിനകം ഈ പ്രശ്നം പരിഹരിച്ചത്. ഇക്കാര്യത്തിൽ മികച്ച പ്രവർത്തനം നടത്തിയ പൊലീസ് ടീമിനെ മേലധികാരികൾ പ്രശംസിച്ചു.

ദുബായ് പൊലീസ് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ സാമൂഹിക-മാനുഷിക സംരംഭമായ വിക്ടിം കമ്മ്യൂണിക്കേഷൻസ് യൂണിറ്റിന്‍റെ പദ്ധതി മുഖേനയാണ് ഇത്തരം പ്രശനങ്ങൾക്ക് പോലീസ് പരിഹാരം കണ്ടെത്തുന്നത്.

അപകടത്തിൽപ്പെട്ടവർക്ക് മാനുഷിക പക്ഷത്ത് നിന്ന് സമഗ്ര പരിചരണം നൽകുക, പൊലീസും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, ഇരകൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഇതിന്‍റെ ലക്ഷ്യങ്ങളെന്ന് ബ്രിഗേഡിയർ ജനറൽ ഉമർ അഷൂർ പറഞ്ഞു.

കുട്ടികളെ നന്നായി പരിപാലിക്കാനും അവരുടെ പ്രായവും അവർ അനുഭവിക്കുന്ന വിഷമ ഘട്ടങ്ങളും മനസ്സിലാക്കാനും, അവരോട് വിവേകത്തോടെ ഇടപെടാനും, മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ അവരെ നയിക്കാനും അദ്ദേഹം മാതാപിതാക്കളെ ഉപദേശിച്ചു. മകളുമായുള്ള തർക്കം പരിഹരിക്കുന്നതിന് സഹായിച്ച പൊലീസിന് പെൺകുട്ടിയുടെ മാതാവ് നന്ദി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com