

15 ലക്ഷത്തോളം അടിയന്തര കോളുകൾ കൈകാര്യം ചെയ്ത് ദുബായ് പോലീസ്
ദുബായ്: 2025 ന്റെ നാലാം പാദത്തിൽ 14.6 ലക്ഷത്തിലധികം അടിയന്തര കോളുകൾ കൈകാര്യം ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. ദുബായ് പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റാണ് മൂന്നു മാസത്തിനിടെ ഇത്രയും കോളുകൾ കൈകാര്യം ചെയ്തത്.10 സെക്കൻഡിനുള്ളിൽ 99.5 ശതമാനം കോളുകളോട് പ്രതികരിക്കാൻ സാധിച്ചു. 2024ലെ ഇതേ കാലയളവിലെ 91.1 ശതമാനത്തേക്കാൾ വലിയ മുന്നേറ്റം രേഖപ്പെടുത്താനും സാധിച്ചു. കോളുകളുടെ എണ്ണം വർദ്ധിച്ചുവെങ്കിലും സേവനത്തിന്റെ വേഗം നിലനിർത്താൻ ദുബായ് പൊലീസിന് സാധിച്ചതായി ക്രിമിനൽ സെക്ടർ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ശംസി വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, മഴക്കാല വെല്ലുവിളികൾ എന്നിവ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ, കാര്യക്ഷമമായ പട്രോളിങ് വിന്യാസം, അടിയന്തര റിപ്പോർട്ടുകളിൽ അതിവേഗ ഇടപെടൽ എന്നിവ യോഗം ചർച്ച ചെയ്തു
നാലാം പാദത്തിൽ സുരക്ഷാ കവറേജ് നിരക്ക് എമിറേറ്റിന്റെ 99.54 ശതമാനം ഭാഗങ്ങളിലുമായി ഉയർന്നിട്ടുണ്ട്. മുൻവർഷം ഇതേകാലയളവിൽ ഇത് 98.01 ശതമാനമായിരുന്നു ആവറേജ്. കമാൻഡ് ആൻഡ് കൺട്രോൾ സെന്റിലെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ, റിയൽ ടൈം ഡേറ്റ, ഇന്റലിജന്റ് പ്രകടന സൂചികകൾ എന്നിവയിലൂടെ തീരുമാനമെടുക്കൽ കൂടുതൽ എളുപ്പമായതായും അധികൃതർ വ്യക്തമാക്കി. മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ മേജർ ജനറൽ അൽ ഷംശംസി ആദരിക്കുകയും, ദുബായെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി നിലനിർത്തുന്നതിൽ അവർ കാണിക്കുന്ന പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു.