
മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് അഞ്ച് പേരെ രക്ഷിച്ച ഇന്ത്യൻ പ്രവാസിക്ക് ദുബായ് പൊലീസിന്‍റെ ആദരം
ദുബായ്: കഴിഞ്ഞ വർഷം ഏപ്രിലിൽ മാസത്തിൽ ഉണ്ടായ പ്രളയത്തിൽ മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് അഞ്ച് പേരെ രക്ഷിച്ച ഇന്ത്യൻ പ്രവാസിയെ ദുബായ് പൊലീസ് ആദരിച്ചു. ഇന്ത്യയിൽ നിന്നുള്ള 28 കാരനായ ട്രെയിനി ഓഡിറ്റർ ഷാവേസ് ഖാനെ പൊലീസ് മെഡലും 1,000 ദിർഹം ക്യാഷ് അവാർഡും നൽകിയാണ് ദുബായ് പൊലീസ് ആദരിച്ചത്.
കമ്മ്യൂണിറ്റി ഹാപ്പിനെസ് ആക്ടിംഗ് ഡയറക്ടർ കേണൽ അലി ഖൽഫാൻ അൽ മൻസൂരിയാണ് ഷാവേസ് ഖാന് സർട്ടിഫിക്കറ്റും മെഡലും ചെക്കും സമ്മാനിച്ചത്. “എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, അത്തരമൊരു അപകട സാഹചര്യത്തിൽ ചെയ്യേണ്ടത് ഞാൻ ചെയ്തു, ദുബായ് പോലീസിൽ നിന്ന് വിളി വന്നപ്പോൾ ആദ്യം വിശ്വസിക്കാൻ സാധിച്ചില്ല. മെഡൽ സ്വീകരിച്ച് അവിടെ നിന്നത് ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു.”-ഷാവേസ് ഖാൻ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ വൈറലായതോടെയാണ് ഷാവേസ് ഖാൻ നടത്തിയ ധീരകൃത്യം പുറം ലോകം അറിഞ്ഞത്. ഏപ്രിൽ 16 ന്, ദുബായിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. അസർ പ്രാർഥനകൾ പൂർത്തിയാക്കിയപ്പോഴാണ് കൊക്കകോള അരീനയ്ക്ക് സമീപം അതിവേഗം ഉയരുന്ന വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു മഞ്ഞ എസ്‌യുവി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.. ഉടൻ തന്നെ അദ്ദേഹം 20 അടി താഴ്ചയുള്ള വെള്ളത്തിലേക്ക് എടുത്തുചാടി, സമീപത്തുള്ള ഒരു തൊഴിലാളി എറിഞ്ഞുകൊടുത്ത ചുറ്റികയുടെ സഹായത്തോടെ കാറിന്‍റെ ഗ്ലാസ് മേൽക്കൂര തകർത്തു.
ആ സമയത്ത് യാത്രക്കാർ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു. ഖാൻ ഓർമ്മിക്കുന്നു. തകർന്ന ചില്ലുകൊണ്ട് പരുക്കേറ്റിട്ടും 20 അടി താഴ്ചയിലേക്ക് ചാടിയതിന്‍റെ അസ്വസ്ഥതയുണ്ടായിട്ടും വാഹനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രക്ഷാ പ്രവർത്തനത്തിനിടെ കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായെന്നും അതുമൂലം തന്‍റെ ഇഷ്ട കായിക ഇനമായ ക്രിക്കറ്റ് കളിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായെന്നും ഷാവേസ് ഖാൻ വെളിപ്പെടുത്തി. എന്നാൽ അതിൽ തെല്ലും ദുഖമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.