

നിരത്തുകളിൽ അഭ്യാസവും ശബ്ദ മലിനീകരണവും: 1230 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്
ദുബായ്: നിരത്തുകളിൽ മറ്റ് യാത്രികർക്ക് ശല്യമാകുന്ന തരത്തിൽ അമിത ശബ്ദമുണ്ടാക്കുകയും റോഡിൽ അഭ്യാസം നടത്തുകയും ചെയ്ത 1230 വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ 33,372 പേർക്ക് പിഴ ചുമത്തി. ‘ശാന്തമായ റോഡുകൾ’എന്ന സംരംഭത്തിന്‍റെ ഭാഗമായിട്ടായിരുന്നു പൊലീസ് നടപടി.
ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക്കിന്‍റെ നേതൃത്വത്തിലായിരുന്നു ക്യാമ്പയ്ൻ. നഗരത്തിൽ ശബ്ദമലിനീകരണം കുറക്കുക, റോഡ് സുരക്ഷ വർധിപ്പിക്കുക, സമീപപ്രദേശങ്ങളിൽ സുരക്ഷിതത്വ ബോധം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ക്യാമ്പയ്നിന്റെ ലക്ഷ്യമെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.
ഡ്രൈവർമാരുടെ ഇത്തരം സ്വഭാവ രീതികൾ സമൂഹത്തിന്‍റെ ക്ഷേമത്തേയും സുഖകരമായ അന്തരീക്ഷത്തേയും നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തിയ 1,178 കേസുകളാണ് ക്യാമ്പയ്ൻ കാലളയവിൽ റിപോർട്ട് ചെയ്തത്. കൂടാതെ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട 412 കേസുകളും അശ്രദ്ധമായി വാഹനമോടിച്ച 341 കേസുകളും , ഹോണുകളും ശബ്ദ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത 230 കേസുകളും റിപോർട്ട് ചെയ്തിട്ടുണ്ട്. മോട്ടോർ സൈക്കിളുകൾ ഉൾപ്പെട്ട 17,117 നിയമലംഘനങ്ങളും ഇലക്ട്രിക് ബൈക്കുകൾ ഉൾപ്പെട്ട 14,094 നിയമലംഘനങ്ങളും ക്യാമ്പയിനിൽ കണ്ടെത്തി.