
ദുബായ്: ജനവാസ മേഖലകളിൽ ശല്യമുണ്ടാക്കിയതിന് ദുബായ് പൊലീസിന്‍റെ ജനറൽ കമാൻഡ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 176 വാഹനങ്ങൾ പിടിച്ചെടുത്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങൾ സൃഷ്ടിച്ച് റോഡ് ഉപയോക്താക്കളെ അപായപ്പെടുത്താൻ ശ്രമിച്ചതിനുമാണ് നടപടി.
അശ്രദ്ധമായി വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി ജൂലൈ മുതൽ സെപ്തംബർ വരെ മൂന്ന് മാസം ദുബായ് പൊലീസ് ട്രാഫിക് കാമ്പയിൻ നടത്തിയതായി ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. കാമ്പയിൻ ഫലമായി 251 നിയമ ലംഘനങ്ങൾ കണ്ടെത്തി.നദ്ദ് അൽ ഷീബ, മൈദാൻ സ്ട്രീറ്റ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഫോളോവേഴ്‌സിനെ ആകർഷിക്കാനും കൂടുതൽ കാഴ്ചക്കാരെ നേടാനും അശ്രദ്ധമായ ഡ്രൈവിങ് നടത്തിയ ഡ്രൈവർമാർ ബോധപൂർവം നാശം വിതയ്ക്കുകയും റോഡിൽ അപകടകരമായ പെരുമാറ്റം നടത്തുകയും ചെയ്തതായി അൽ മസ്റൂയി പറഞ്ഞു.
കുറ്റവാളികളിൽ ഭൂരിഭാഗവും യൂറോപ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളായിരുന്നു. യുഎഇയിൽ താമസിക്കുന്ന ചിലരും നിയമ ലംഘകരിലുൾപ്പെട്ടിരുന്നു. കാറുകൾ കണ്ടുകെട്ടുന്നതിൽ നിന്ന് ഒഴിവാകാൻ നിയമ ലംഘകർ 50,000 ദിർഹം പിഴ അടയ്ക്കണമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
അശ്രദ്ധമായി വാഹനമോടിക്കുന്നതും റെഡ് ലൈറ്റ് മറികടക്കുന്നതും ദുബായിലെ ഗുരുതര ട്രാഫിക് നിയമ ലംഘനങ്ങളാണ് .ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ' സേവനം വഴിയോ, അല്ലെങ്കിൽ 'വി ആർ ഓൾ പൊലീസ്' സേവനമായ 901ൽ ബന്ധപ്പെട്ടോ റോഡ് സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.