''അച്ചടക്കം പാലിച്ചില്ലെങ്കിൽ ഞങ്ങളത് പഠിപ്പിക്കും'', ഡ്രൈവർമാരോട് ദുബായ് പൊലീസ്

പൊലീസിനോട് അപമര്യാദയായി പെരുമാറുന്ന ഡ്രൈവർമാരുടെ എണ്ണം കൂടുന്നു; പിഴ ചുമത്തിയിട്ട് കാര്യമായ പ്രയോജനമില്ലാത്തതിനാൽ പൊലീസ് കടുത്ത നടപടികളിലേക്കു കടക്കുന്നു
Dubai police warns drivers

പൊലീസിനോട് അപമര്യാദയായി പെരുമാറുന്ന ഡ്രൈവർമാരുടെ എണ്ണം കൂടുന്നു

Updated on

റോയ് റാഫേൽ

ദുബായ്: ''അച്ചടക്കം പാലിച്ചില്ലെങ്കിൽ അറിയാമല്ലോ, ഞങ്ങളത് പഠിപ്പിക്കും'', സന്ദേശം എന്ന സിനിമയിലെ താ ത്വിക അവലോകനം സീക്വൻസിൽ ശങ്കരാടിയുടെ കുമാരപിള്ള എന്ന കഥാപാത്രം പറയുന്ന ഡയലോഗാണ്. ഇങ്ങനെ പറയുക മാത്രമല്ല, ചില ഡ്രൈവർമാരെ അക്ഷരാർഥത്തിൽ അച്ചടക്കവും മര്യാദയും പഠിപ്പിക്കേണ്ട സ്ഥിതിയിലാണ് ഇപ്പോൾ യുഎഇ പൊലീസ്.

യുഎഇയിലുടനീളം ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ വിസമ്മതിക്കുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന ഡ്രൈവർമാരുടെ എണ്ണം കൂടി വരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നത്. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകൽ, അനാദരവ് കാണിക്കൽ, ഔദ്യോഗിക നിർദേശങ്ങൾ അവഗണിക്കൽ, അടിസ്ഥാന തിരിച്ചറിയൽ വിശദാംശങ്ങൾ നൽകാൻ വിസമ്മതിക്കൽ എന്നിവയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിലുള്ള പ്രധാന പെരുമാറ്റ ദൂഷ്യങ്ങൾ.

കനത്ത പിഴ ചുമത്തിയിട്ടും കാര്യമായ മാറ്റം ഉണ്ടാവുന്നില്ല എന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ 'വികൃതി' കാണിക്കുന്ന ഡ്രൈവർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

റോഡിൽ നിന്ന് 'സ്കൂട്ടാ'വുന്നവർ: 2024 ൽ 1,023 ഡ്രൈവർമാർ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഓടി രക്ഷപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.

ഷാർജയിൽ 315 പേർ, ദുബായിൽ 241, അബുദാബിയിൽ 234, അജ്മാനിൽ 113, റാസൽഖൈമയിൽ 83, ഉമ്മുൽ ഖുവൈനിൽ 21, ഫുജൈറയിൽ 16 എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള 'ഒളിച്ചോട്ടക്കാരുടെ കണക്ക്.

അനുസരണക്കേട് കാണിച്ച ഡ്രൈവർമാർ: രാജ്യത്ത് 11,254 നിയമലംഘനങ്ങളാണ് പൊലീസിന്‍റെ നിർദ്ദേശങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.

ദുബായ് 4,729, അബുദാബി 3,722, ഷാർജ 1,546, അജ്മാൻ 451, റാസൽ ഖൈമ 284, ഫുജൈറ 308, ഉമ്മൽ ഖുവൈൻ 214 എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള കണക്ക്.

ഒരു ഡ്രൈവർ ട്രാഫിക് ഉദ്യോഗസ്ഥനെ അനാദരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോൾ, അത് റോഡ് സുരക്ഷയുടെ മാത്രം കാര്യമല്ല; അത് നിയമത്തെയും നിയമപാലകരെയും വെല്ലുവിളിക്കുന്നത് കൂടിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

വാഹനങ്ങൾ നിർത്തുമ്പോൾ ഉദ്യോഗസ്ഥർ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്നും സാഹചര്യങ്ങൾ ശാന്തമായും പ്രൊഫഷണലായും കൈകാര്യം ചെയ്യാൻ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ് വാഹനങ്ങൾ നിർത്താൻ നിർദേശം നൽകുന്നതെന്നും പൊലീസ് വിശദീകരിച്ചു. ഡ്രൈവർമാർക്ക് വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴയും ബ്ലാക്ക് പോയിന്‍റും

  • ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് അനുവാദമില്ലാതെ കടന്നുകളയുന്നത് 800 ദിർഹം പിഴയും, ഡ്രൈവിംഗ് ലൈസൻസിൽ 12 ബ്ലാക്ക് പോയിന്‍റുകളും, 30 ദിവസത്തെ വാഹന കണ്ടുകെട്ടലും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

  • പൊലീസിന്‍റെ നിർദേശങ്ങൾ അനുസരിക്കാത്തതിന് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കും, പേരും വിലാസവും നൽകാൻ വിസമ്മതിച്ചാൽ 500 ദിർഹമാണ് പിഴ.

ഇക്കാര്യങ്ങൾ നിയമപരമായി നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥൻ പാലിക്കേണ്ട വ്യവസ്ഥകൾ:

  • ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലായിരിക്കണം

  • യൂണിഫോമിൽ ആയിരിക്കണം

  • ഔദ്യോഗിക പട്രോളിങ് കാറിലായിരിക്കണം

  • ഉദ്യോഗസ്ഥൻ സ്വകാര്യ വാഹനത്തിലാണെങ്കിൽ നടപടി സ്വീകരിക്കാനാവില്ല

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com