
ദുബായ് പൊലീസിന്‍റെ എഐ റഡാർ കണ്ടെത്തിയത് എട്ട് തരം ഗതാഗത നിയമലംഘനങ്ങൾ
ദുബായ്: ഗതാഗത നിയമലംഘനങ്ങൾ കൃത്യതയോടെ കണ്ടെത്തുന്നതിനായി നിരത്തുകളിൽ ദുബായ് പൊലീസ് സ്ഥാപിച്ച എഐ അധിഷ്ഠിത റഡാർ സംവിധാനങ്ങൾ കണ്ടെത്തിയത് എട്ട് തരം നിയമലംഘനങ്ങൾ. പ്രധാന റോഡുകളിലും ജങ്ഷനുകളിലും സ്ഥാപിച്ചിരിക്കുന്ന ഈ റഡാറുകൾ വഴി റെഡ്-ലൈറ്റ് മറികടക്കൽ, അപകടകരമായ ലെയ്ൻ മാറ്റങ്ങൾ, അശ്രദ്ധമായ ഡ്രൈവിങ് എന്നിവ തിരിച്ചറിയാൻ കഴിയും.
എഐ റഡാറുകൾക്ക് കണ്ടെത്താൻ കഴിയുന്ന ഗതാഗത നിയമലംഘനങ്ങളുടെയും അവയ്ക്കുള്ള ശിക്ഷയുടെയും വിശദാംശങ്ങൾ:
1. വേഗ പരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതലാവുന്നത്
പിഴ: 3,000 ദിർഹം
ബ്ലാക്ക് പോയിന്‍റുകൾ: 23
വാഹനങ്ങൾ പിടിച്ചെടുക്കൽ: 60 ദിവസം (ലൈറ്റ് വാഹനങ്ങൾ)
വേഗ പരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലായാൽ
പിഴ: 2,000 ദിർഹം
ബ്ലാക്ക് പോയിന്‍റുകൾ: 12
വാഹനങ്ങൾ പിടിച്ചെടുക്കൽ: 30 ദിവസം (ലൈറ്റ് വാഹനങ്ങൾ)
വേഗ പരിധി മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ
പിഴ: 1,000 ദിർഹം
വേഗ പരിധി മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ
പിഴ: 700 ദിർഹം
വേഗത പരിധി മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ
പിഴ: 600 ദിർഹം
വേഗത പരിധി മണിക്കൂറിൽ 20 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ
പിഴ: 300 ദിർഹം
2. ചുവന്ന സിഗ്നൽ മറികടക്കൽ
യുഎഇ ട്രാഫിക് നിയമപ്രകാരം, ചുവന്ന സിഗ്നൽ മറികടന്നാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.
ദുബായിൽ വാഹനം തിരിച്ചെടുക്കണമെങ്കിൽ 2023 ലെ ഡിക്രി നമ്പർ 30 പ്രകാരം 50,000 ദിർഹം നൽകണം.
3. ലെയ്ൻ അച്ചടക്കലംഘനം
ലെയ്ൻ അച്ചടക്കം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തും. ഹാർഡ് ഷോൾഡറിൽ കൂടി വാഹനമോടിക്കൽ, മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറ്റൽ, ടെയിൽഗേറ്റിങ് (മുന്നിലുള്ള വാഹനത്തിന് തൊട്ട് പിന്നിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കൽ) എന്നിവയ്ക്കും പിഴ ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കും.
രണ്ട് സെക്കൻഡ് നിയമം
സുരക്ഷിതമായ ഡ്രൈവിങ് ഉറപ്പുവരുത്താൻ 'രണ്ട് സെക്കൻഡ് നിയമം' പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിങ്ങളുടെ വാഹനത്തിനും മുന്നിലുള്ള വാഹനത്തിനും ഇടയിൽ രണ്ട് സെക്കൻഡ് കഴിഞ്ഞ് ഒരേ പോയിന്‍റ് കടന്നുപോകാൻ പര്യാപ്തമായ ദൂരം നിലനിർത്തണമെന്ന് ഈ നിയമം അനുശാസിക്കുന്നു.
4. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ
പിഴ: ദിർഹം 800
ബ്ലാക്ക് പോയിന്‍റുകൾ: 4
5. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ
പിഴ: ദിർഹം 400
ബ്ലാക്ക് പോയിന്‍റുകൾ: 4
6. നിയമവിരുദ്ധമായ വിൻഡോ ടിൻറിങ് നടത്തിയാൽ
യുഎഇ ട്രാഫിക് നിയമമനുസരിച്ച്, കാറിന്‍റെ വിൻഡോകളിൽ പരമാവധി ടിൻറിംഗ് 50 ശതമാനം വരെയാകാം. ഈ പരിധി വശങ്ങളിലെയും പിൻവശത്തെയും വിൻഡോകൾക്ക് ബാധകമാണ്. എങ്കിലും ഡ്രൈവർക്ക് കാണാൻ കഴിയുന്ന തരത്തിൽ വിൻഡ്ഷീൽഡ് വ്യക്തമായിരിക്കണം.
ഈ നിയമങ്ങൾ ലംഘിച്ചാൽ 1,500 ദിർഹം പിഴ ചുമത്തും. ദുബായിൽ, വാഹനം പിടിച്ചെടുക്കാനും വ്യവസ്ഥയുണ്ട്. 2023 ലെ ഡിക്രി നമ്പർ 30 അനുസരിച്ച് വാഹനം വിട്ടുകിട്ടണമെങ്കിൽ 10,000 ദിർഹം നൽകേണ്ടിവരും.
7. ശബ്ദശല്യമുണ്ടാക്കുന്ന വാഹനങ്ങൾ
ശബ്ദത്തിന്‍റെ അളവ് വർധിപ്പിക്കുന്നതോ വേഗത വർധിപ്പിക്കുന്നതോ ആയ പരിഷ്കാരങ്ങളുള്ള വാഹനങ്ങൾക്ക് 2023 ലെ ഡിക്രി നമ്പർ 30 ലെ ആർട്ടിക്കിൾ 2 പ്രകാരം കർശനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരും:
പിഴ: 2,000 ദിർഹം
ബ്ലാക്ക് പോയിന്‍റുകൾ: 12
വാഹനം വിട്ടുകിട്ടാൻ : 10,000 ദിർഹം വരെ
8.രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞാൽ
പിഴ: 500 ദിർഹം
ബ്ലാക്ക് പോയിന്‍റുകൾ: 4
7 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ