

അൽ വർഖ 1 സ്ട്രീറ്റ് വികസനം പൂർത്തിയായി
ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും റാസൽ ഖോർ റോഡിനും ഇടയിൽ ഇരു ദിശകളിലുമായി ഏകദേശം 7 കി.മീറ്റർ ദൈർഘ്യമുള്ള അൽ വർഖ 1 സ്ട്രീറ്റിലൂടെയുള്ള ഗതാഗത വിപുലീകരണം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി നാല് റൗണ്ട് എബൗട്ടുകൾ സിഗ്നൽ സ്ഥാപിച്ച കവലകളാക്കി മാറ്റിയതായി ദുബായ് ആർ.ടി.എ അറിയിച്ചു.
ഇതോടെ ഗതാഗതം 30 ശതമാനം വരെ മെച്ചപ്പെട്ടതായി ആർ.ടി.എ വ്യക്തമാക്കി.
6.6 കി.മീറ്റർ ദൈർഘ്യമുള്ള മഴവെള്ള ഡ്രെയിനേജ് ശൃംഖലയുടെ നിർമാണം, 324 തെരുവ് വിളക്ക് തൂണുകൾ സ്ഥാപിക്കൽ, 111 പാർക്കിങ് സ്ഥലങ്ങൾ കൂട്ടിച്ചേർക്കൽ എന്നിവയും വികസന പദ്ധതിയിൽ ഉൾപ്പെടും. കാൽനടയാത്രക്കാരുടെ സുരക്ഷയും സഞ്ചാരവും മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 41,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാൽനട പാതകളും നിർമിച്ചിട്ടുണ്ട്.