ദുബായിൽ നൂറിലേറെ ഒഴിവുകളുമായി ആർടിഎ തൊഴിൽ മേള

എഐ, ഡേറ്റ സയൻസ്, സൈബർ സുരക്ഷ, എൻജിനീയറിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ ഇരുനൂറോളം അവസരങ്ങൾ
Dubai RTA career fair

സെപ്റ്റംബർ 30 വരെ ദുബായിൽ നടക്കുന്ന 'റൂയ കരിയേഴ്സ് യുഎഇ 2026' തൊഴിൽമേള.

Updated on: 

ദുബായ്: എഐ, ഡേറ്റ സയൻസ്, സൈബർ സുരക്ഷ, എൻജിനീയറിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ ഇരുനൂറോളം അവസരങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി. സെപ്റ്റംബർ 30 വരെ ദുബായിൽ നടക്കുന്ന 'റൂയ കരിയേഴ്സ് യുഎഇ 2026' തൊഴിൽമേളയിലാണ് സ്വദേശികൾക്കായി ഈ കരിയർ അവസരങ്ങൾ അവതരിപ്പിക്കുന്നത്.

ഫ്ലെക്‌സിബിൾ ഇൻസ്പെക്ഷൻ, എൻജിനീയറിങ്, ഇന്‍റേണൽ ഓഡിറ്റ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സൈബർ സുരക്ഷ എന്നീ അഞ്ച് പ്രധാന തന്ത്രപ്രധാന മേഖലകളിലായി 195-ലധികം തൊഴിലവസരങ്ങൾ ആർടിഎ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ആർടിഎ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടറിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടീവ് ഡയറക്റ്റർ അതാരി മുഹമ്മദ് പറഞ്ഞു.

ആർടിഎയുടെ കോർപ്പറേറ്റ് പരിവർത്തനത്തിന് പിന്തുണ നൽകുന്നതിനൊപ്പം ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ പ്രത്യേക കഴിവുകളോടെ എമിറാത്തി പ്രൊഫഷണലുകളെ സജ്ജമാക്കാൻ സഹായിക്കുന്ന മറ്റ് മേഖലകളിലെ അവസരങ്ങളും ഇതിലൂടെ ലഭ്യമാക്കുന്നുണ്ടെന്നും അതാരി മുഹമ്മദ് വ്യക്തമാക്കി.

തൊഴിൽ മേളയിലെ ആർടിഎ സ്റ്റാളിൽ ഡിജിറ്റൽ രജിസ്ട്രേഷൻ മുതൽ അനുയോജ്യമായ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പും യോഗ്യതയുള്ളവർക്ക് നേരിട്ടുള്ള അഭിമുഖവും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കും ബിരുദധാരികൾക്കും തൊഴിൽ അന്വേഷകർക്കും ആർടിഎയിലെ വിവിധ കരിയർ സാധ്യതകളും ഭാവി കരിയർ പാതകളും നേരിട്ട് പരിചയപ്പെടാൻ അവസരമുണ്ട്.

logo
Metro Vaartha
www.metrovaartha.com