

ദുബായ് ആർടിഎ ഇരുപതാം വാർഷികം; യാത്രക്കാരെ കാത്ത് നിരവധി സമ്മാനങ്ങൾ
ദുബായ്: ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സ്ഥാപിതമായതിന്‍റെ 20-ാം വാർഷികത്തിന്‍റെ ഭാഗമായി യാത്രക്കാർക്ക് നിരവധി സമ്മാനങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. ട്രാമിലെ സ്ഥിര യാത്രക്കാർക്ക് നവംബർ 2 വരെ നീളുന്ന മത്സരത്തിലൂടെ സമ്മാനം നേടാം. 10,000-ത്തിലേറെ 'രണ്ടെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യം' (2-ഫോർ-1) ഓഫറുകൾ ഉൾപ്പെടുന്ന 'എന്‍റർടെയ്‌നർ യുഎഇ 2026 ബുക്ക്‌ലെറ്റ്' ആണ് വിജയികളെ കാത്തിരിക്കുന്നത്.
ഈ മാസം 28 മുതൽ നവംബർ 1 വരെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് ഒരു ഫോട്ടോ ചലഞ്ചാണ്. ടൂറിസ്റ്റുകൾക്ക് പ്രത്യേക വെൽക്കം പായ്ക്ക് ലഭിക്കും. ഈ ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കുന്നവരെ ആർടിഎയുടെ സമൂഹമാധ്യമ പേജുകളിൽ പരിചയപ്പെടുത്തും.
നവംബർ 1 മുതൽ 15 വരെ ബുർജ്മാൻ, യൂണിയൻ, മാൾ ഓഫ് ദി എമിറേറ്റ്‌സ് മെട്രൊ സ്റ്റേഷനുകളിലെ എമിറേറ്റ്സ് എൻ ബി ഡി കിയോസ്‌കുകൾ സന്ദർശിക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സമ്മാനങ്ങൾ ലഭിക്കും.
നവംബർ 1ന് മാത്രം അൽ ഗുബൈബ ബസ് സ്റ്റേഷനിലും ഇൻഷുറൻസ് മാർക്കറ്റ് മെട്രൊ സ്റ്റേഷനുകളിലും പ്രത്യേക 'ആർടിഎ20' ബൂത്ത് സജ്ജീകരിക്കും. ഇവിടെ പ്രവേശിക്കുന്നവർക്ക് 20 സെക്കൻഡിനുള്ളിൽ ഇലക്ട്രോണിക്‌സ് മുതൽ ചോക്ലേറ്റുകൾ വരെ സമ്മാനമായി നേടാം. അതേ ദിവസം തന്നെ ബുർജ്മാൻ മെട്രോ സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള ഭീമാകാരമായ ആർട്ട് ഫ്രെയിമുകളിൽ പോസ് ചെയ്യാനും ഡിജിറ്റൽ ഫോട്ടോ കോപ്പി ആർടിഎയുടെ ഫോട്ടോ ബൂത്തിൽ നിന്ന് സ്വന്തമാക്കാനും അവസരമുണ്ട്.
നവംബർ 1 മുതൽ 5 വരെ റോക്‌സി സിനിമാസിൽ ആർടിഎ20 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ടിക്കറ്റുകൾക്ക് 20% കിഴിവ് നേടാം. ഇതേ കോഡ് ഉപയോഗിച്ച് 'നൂൺ' വഴിയുള്ള ഓൺലൈൻ ഓർഡറുകൾക്കും 20% കിഴിവ് ലഭിക്കും.