ദുബായ്: ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡന്‍റും, ഫാമിലി ഡെവലപ്പ്മെന്‍റ് ഫൗണ്ടേഷൻ സുപ്രീം ചെയർവുമണുമായ യുഎഇ യുടെ രാഷ്ട്ര മാതാവ് ശൈഖാ ഫാത്തിമ ബിൻത് മുബാറക് അൽ നഹ്‌യാൻ തുടക്കം കുറിച്ച 'നാളേയ്ക്കായി ഞങ്ങൾ സഹകരിക്കുന്നു' എന്ന പ്രമേയത്തിൽ ഇമാറാത്തി വനിതാ ദിനം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
ആർടിഎ എക്‌സിക്യൂട്ടിവ് ചെയർമാനും ഡയറക്‌ടർ ജനറലുമായ മത്തർ അൽ തായർ യുഎഇ യുടെ മുൻ മന്ത്രി ശൈഖാ ലുബ്‌ന ബിൻത് ഖാലിദ് അൽ ഖാസിമിയെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്.
രാഷ്ട്ര നിർമാണത്തിനും രാജ്യത്തിന്‍റെ ദ്രുത ഗതിയിലുള്ള വികസനത്തിനും സംഭാവന നൽകുന്നതിന് ഇമാറാത്തി സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ യുഎഇയുടെ ഭരണ നേതൃത്വം വഹിക്കുന്ന പങ്കിനെ യോഗം പ്രശംസിച്ചു.
“ശാസ്‌ത്ര, പ്രൊഫഷണൽ, സാമൂഹിക മേഖലകളിലുടനീളമുള്ള സ്ത്രീകളെ പിന്തുണയ്‌ക്കാനും ശാക്തീകരിക്കാനും പ്രതിജ്ഞാബദ്ധമായ ശൈഖാ ഫാത്തിമ ബിൻത് മുബാറക്കിൽ നിന്ന് ഇമാറാത്തി സ്ത്രീകൾക്ക് വളരെയധികം പിന്തുണയും പരിചരണവും ലഭിച്ചിട്ടുണ്ട്. ഈ ശാക്തീകരണം ഇമാറാത്തി സ്ത്രീകളെ രാജ്യത്തിന്‍റെ വികസനത്തിൽ തങ്ങളുടെ മുൻനിര പ്രവർത്തനം തുടരാൻ പ്രാപ്തരാക്കുകയും അതിന്‍റെ അഭിവൃദ്ധിയിലേക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്തു. അൽ തായർ പറഞ്ഞു.
ശൈഖാ ലുബ്ന ആർടിഎയുടെ വനിതാ ജീവനക്കാരുമായി നടത്തിയ സംവാദ സെഷനിൽ പങ്കെടുത്തു. താൻ വഹിച്ച നേതൃപരമായ പങ്കുകളും മന്ത്രിസ്ഥാനങ്ങളും ഉൾപ്പെടെ വിശിഷ്ടമായ ദേശീയ കരിയറിലെ പ്രധാന നാഴികക്കല്ലുകൾ അവർ സദസ്സുമായി പങ്കു വച്ചു. തന്‍റെ കരിയറിലുടനീളം അചഞ്ചലമായ പിന്തുണ നൽകിയതിന് യുഎഇ യുടെ ഭരണ നേതൃത്വത്തെ അവർ പ്രശംസിച്ചു.
വിവിധ മേഖലകളിലും തൊഴിലുകളിലും പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്ക് മികവ് പുലർത്താനും വിജയിക്കാനും ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശൈഖാ ലുബ്ന സ്ത്രീകളോട് അഭ്യർത്ഥിച്ചു.
പെയിന്‍റിംഗ്, മൈലാഞ്ചി, പെർഫ്യൂം കോർണറുകൾ ഉൾപ്പെടെ ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് ആർടിഎ വനിതാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ പരിപാടികളിലും അവർ പങ്കെടുത്തു.
ശാക്തീകരണം, അവകാശങ്ങൾ, ലിംഗ സന്തുലിതാവസ്ഥ എന്നിവയിൽ ഇമാറാത്തി സ്ത്രീകൾ മാതൃകയായി മാറിയെന്നും പൊതുവിലും യുഎഇ യുടെ ജെൻഡർ ബാലൻസ് കൗൺസിൽ സ്ട്രാറ്റജി 2022-'26 അംഗീകരിച്ചതിനെത്തുടർന്ന് പ്രത്യേകിച്ചും ലിംഗ സന്തുലിതാവസ്ഥയിൽ യുഎഇ യെ ആഗോള തലത്തിൽ ഉയർത്താനാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ആർടിഎ വനിതാ കമ്മറ്റി ചെയർപേഴ്സൺ മീറ അൽ ശൈഖ് പറഞ്ഞു.