

യാത്രക്കാരുമായി സംവദിച്ച് ദുബായ് ആർടിഎ കസ്റ്റമർ കൗൺസിൽ
ദുബായ്: പൊതുഗതാഗത സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ടറിയുന്നതിനുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കസ്റ്റമർ കൗൺസിൽ പ്രത്യേക സംവാദ സമ്മേളനം സംഘടിപ്പിച്ചു.
അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബസ്, മറൈൻ ട്രാൻസ്പോർട്ട്, ദുബായ് മെട്രോ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങൾ പതിവായി ഉപയോഗിക്കുന്ന യാത്രക്കാർ ആർ ടി എ നേതൃത്വവുമായി ആശയവിനിമയം നടത്തി. ആർടിഎയിലെ വിവിധ ഏജൻസികളുടെയും സെക്ടറുകളുടെയും സിഇഒമാർ, ഡയറക്ടർമാർ, മാനേജർമാർ, ജീവനക്കാർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
സമ്മേളനത്തിൽ ആർടിഎയുടെ പ്രധാന സേവനങ്ങൾ, പുതിയ സംരംഭങ്ങൾ, ആശയവിനിമയ മാർഗങ്ങൾ, വിവിധ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ എന്നിവയെക്കുറിച്ച് യാത്രക്കാർക്ക് വിശദീകരിച്ചു നൽകി. ഗതാഗത സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്തുന്നതിനും യാത്രക്കാരിൽ നിന്ന് നേരിട്ട് ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ആർടിഎ സൂക്ഷ്മമായി പഠിക്കും. ബസ്, ജലഗതാഗത സേവനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും നിർദേശങ്ങളും യോഗത്തിൽ ചർച്ചയായി.
യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള പ്രധാന റൂട്ടുകളിൽ ബസുകളുടെയും സർവീസുകളുടെയും എണ്ണം കൂട്ടുക, എയർ കണ്ടീഷൻ ചെയ്ത കൂടുതൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുക, നോൽ കാർഡുകളുടെ ഉപയോഗ സാധ്യതകൾ വിപുലീകരിക്കുക, ദുബായ് മെട്രൊയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കുക, കൂടുതൽ മറൈൻ ട്രാൻസ്പോർട്ട് സർവീസുകളും പുതിയ റൂട്ടുകളും ആരംഭിക്കുക എന്നിവയായിരുന്നു ഉയർന്നുവന്ന പ്രധാന ആവശ്യങ്ങൾ.