

പ്രവർത്തന മികവ്: 737 ബസ് ഡ്രൈവർമാരെ ആദരിച്ച് ദുബായ് ആർടിഎ
ദുബായ്: പൊതുഗതാഗത രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്ന ബസ് ഡ്രൈവർമാരെ ആദരിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. അച്ചടക്കവും കാര്യക്ഷമതയും പുലർത്തിയ 737 ഡ്രൈവർമാർക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. ഇന്ത്യക്കാർക്കടക്കമുള്ളവർക്കും ഈ അംഗീകാരം ലഭിച്ചു. 2025 ലെ പ്രവർത്തനമികവ് കണക്കിലെടുത്താണ് ഡ്രൈവർമാരെ ആർടിഎ ആദരിച്ചത്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലെ കൃത്യത, സുരക്ഷാ മാനദണ്ഡങ്ങളിലെ ജാഗ്രത, യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം എന്നിവയായിരുന്നു പുരസ്കാരത്തിനായി പരിഗണിച്ച പ്രധാന ഘടകങ്ങൾ.
ദുബായിലെ പൊതുഗതാഗത സംവിധാനത്തിന്‍റെ ഗുണനിലവാരം ഉയർത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം അംഗീകാരങ്ങൾ വലിയ പ്രചോദനമാകുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ ബസ് വിഭാഗം ഡയറക്ടർ മർവാൻ അൽ സറൂണി വ്യക്തമാക്കി.
ഡ്രൈവർമാരുടെ അച്ചടക്കവും മികച്ച സേവനവുമാണ് പൊതുഗതാഗത രംഗത്തെ ദുബായുടെ വലിയ മുന്നേറ്റത്തിന് പിന്നിലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 2024-നെ അപേക്ഷിച്ച് പൊതുബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ 4.9 ശതമാനം വർധനവുണ്ടായി. 2025-ൽ മാത്രം 19.72 കോടി ആളുകളാണ് ദുബായ് ബസുകളെ ആശ്രയിച്ചത്. ഇത് സമീപകാലത്തെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ്. ഈ അംഗീകാരം തങ്ങൾക്ക് ജോലിയിൽ കൂടുതൽ കരുത്ത് പകരുന്നതായി പുരസ്കാരം ലഭിച്ച ഡ്രൈവർമാർ പറഞ്ഞു.