

ഡെലിവറി ബൈക്ക് റൈഡർമാർക്ക് വിശ്രമകേന്ദ്രങ്ങളുമായി ദുബായ് ആർടിഎ
ദുബായ്: യുഎഇയിലെ കടുത്ത ചൂടിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ആശ്വാസവുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി . റൈഡർമാർക്ക് വിശ്രമിക്കുന്നതിനായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങുന്നു. ദുബായിലെ പ്രമുഖ ഡെലിവറി സർവീസ് കമ്പനികളായ തലാബത്, ഡെലിവറൂ എന്നിവയുമായി സഹകരിച്ചാണ് ആർടിഎ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി 40 വിശ്രമകേന്ദ്രങ്ങളാണ് സ്ഥാപിക്കുക. കടുത്ത വേനൽക്കാലത്ത് റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കുക, റോഡപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എയർ കണ്ടീഷണർ, തണുത്ത കുടിവെള്ളം, മൊബൈൽ ചാർജിംഗ് പോയിന്‍റുകൾ, മികച്ച ഇരിപ്പിട സൗകര്യം എന്നിവ ഈ വിശ്രമകേന്ദ്രങ്ങളിൽ ലഭ്യമായിരിക്കും. വരും ഘട്ടങ്ങളിൽ ദുബായിലുടനീളം കൂടുതൽ കേന്ദ്രങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.