

ഡ്രൈവിങ് പരീക്ഷകളിൽ അത്യാധുനിക എഐ സാങ്കേതികവിദ്യയുമായി ദുബായ് ആർടിഎ
ദുബായ്: ഡ്രൈവിങ് പരീക്ഷകൾക്കായി പുതുതലമുറ 'സ്മാർട്ട് ടെസ്റ്റ് സിസ്റ്റം' അവതരിപ്പിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ചെറുവാഹനങ്ങളുടെ യാർഡ് ടെസ്റ്റുകൾ കൂടുതൽ കൃത്യവും സുതാര്യവുമാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, കമ്പ്യൂട്ടർ വിഷൻ, അഡ്വാൻസ്ഡ് ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഈ പുതിയ സംവിധാനത്തിൽ ഡ്രൈവിങ് പരീക്ഷാ ഫലങ്ങൾ നിർണയിക്കുന്നതിൽ മനുഷ്യ ഇടപെടലുകൾ ഉണ്ടാകില്ല. പകരം എഐ സാങ്കേതികവിദ്യ തന്നെ മൂല്യനിർണ്ണയം നടത്തുന്ന രീതിയാണ് അവലംബിക്കുക. ആൾമാറാട്ടം തടയുന്നതിനായി ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം വഴി അപേക്ഷകരെ തിരിച്ചറിയാൻ പുതിയ സംവിധാനത്തിന് സാധിക്കും.
റിയൽ-ടൈം കൈനമാറ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ട് സെന്‍റീമീറ്റർ വരെ കൃത്യതയിൽ വാഹനം നിരീക്ഷിക്കാൻ സാധിക്കുന്നതിനാൽ പാർക്കിങ്, ലെയ്ൻ മാറ്റങ്ങൾ തുടങ്ങിയവയിലെ പിഴവുകൾ കൃത്യതയോടെ കണ്ടെത്താനാവും. പരീക്ഷയ്ക്ക് ശേഷം ഇന്‍ററാക്ടീവ് 3ഡി മാപ്പിലൂടെയും റീപ്ലേ ദൃശ്യങ്ങളിലൂടെയും തെറ്റുകൾ സംഭവിച്ച സ്ഥലങ്ങളും തെറ്റുകളുടെ കാരണങ്ങളും അപേക്ഷകർക്ക് ദൃശ്യ തെളിവുകളുടെ സഹായത്തോടെ മനസിലാക്കാൻ സാധിക്കും.
പരീക്ഷയ്ക്കിടെ ഉണ്ടാവുന്ന അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് സ്വയം പ്രവർത്തിക്കുന്ന എഐ കൊളിഷൻ അവോയിഡൻസ്, എമർജൻസി ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്യാമറകൾ വഴി മിറർ, ബ്ലൈൻഡ് സ്പോട്ട് പരിശോധനകളും സ്റ്റിയറിംഗിലെ കൈകളുടെ സ്ഥാനവും സിസ്റ്റം വിലയിരുത്തുന്നു.
നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡ്രൈവിംഗ് പരീക്ഷകൾ കൂടുതൽ സുതാര്യവും കൃത്യവുമാക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎ ഡ്രൈവേഴ്‌സ് ലൈസൻസിംഗ് ഡയറക്റ്റർ സുൽത്താൻ അൽ അക്രാഫ് പറഞ്ഞു.