
ഗതാഗതക്കുരുക്കും കാലതാമസവും ഇല്ലാതാക്കാൻ പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ദുബായ് ആർടിഎ
ദുബായ്: ദുബായ് നിരത്തുകളിലെ ഗതാഗത കുരുക്കും കാലതാമസവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തിറക്കി. 'ഡാറ്റ ഡ്രൈവ് - ക്ലിയർ ഗൈഡ്' എന്ന പ്ലാറ്റ്‌ഫോം വഴി തത്സമയ ട്രാഫിക് ഡേറ്റക്ക് പുറമേ, കഴിഞ്ഞ അഞ്ച് വർഷത്തെ ഗതാഗത പ്രവാഹം പഠിക്കാനും വിശകലനം ചെയ്യാനും സാധിക്കും.
റോഡിലെ വേഗത തത്സമയം വിശകലനം ചെയ്യാനും, റോഡിന്‍റെ അവസ്ഥകൾ, ആവർത്തിച്ചുള്ള ഗതാഗത ഘടന, സുഗമമായ ഗതാഗത പ്രവാഹത്തിന്‍റെ സമയങ്ങൾ, തിരക്കേറിയ സ്ഥലങ്ങൾ, ട്രാഫിക് ജാമുകൾ, മറ്റ് ഗതാഗത ഘടകങ്ങൾ എന്നിവയെക്കുറിച്ചറിയാനും പുതിയ പ്ലാറ്റ് ഫോം സഹായകരമാകും. ഡേറ്റ ഡ്രൈവ്-ക്ലിയർ ഗൈഡ് പ്ലാറ്റ്‌ഫോം എമിറേറ്റിലെ നിരത്തുകളിലെ വാഹന നീക്കത്തെക്കുറിച്ചുള്ള തൽക്ഷണ സന്ദേശങ്ങളും അറിയിപ്പുകളും നൽകും. അതുവഴി, പ്രതിദിനം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനാവും.
നേരത്തെ, കൺസൾട്ടന്‍റുമാർ അല്ലെങ്കിൽ ഫീൽഡ് ടീമുകൾ പോലുള്ള വിവിധ സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെയോ റിപ്പോർട്ടുകളെയോ ആശ്രയിച്ചായിരുന്നു നടപടിക്രമങ്ങൾ. ഇത് വിശകലനത്തിലും തീരുമാനമെടുക്കലിലും കാലതാമസത്തിന് കാരണമായി. നിലവിൽ സമാഹരിക്കാനും വിശകലനം ചെയ്യാനും ആഴ്ചകൾ എടുക്കുന്ന വിവരങ്ങൾ 'ഡേറ്റ ഡ്രൈവ് ക്ലിയർ ഗൈഡ്' പ്ലാറ്റ്‌ഫോം വഴി മിനിറ്റുകൾക്കുള്ളിൽ തത്സമയം ലഭിക്കുന്നതാണ്.
ഇത് ബന്ധപ്പെട്ട ആർടിഎ ടീമുകളെ വേഗത്തിൽ ഇടപെടാനും ഉചിതമായ നടപടികൾ കൈക്കൊള്ളാനും കാലതാമസം കുറയ്ക്കാനും സഹായിക്കും. റോഡ് പണികൾക്ക് മുൻപും ശേഷവും ഫലങ്ങൾ വിലയിരുത്തി വിശകലനം ചെയ്ത് ഓട്ടോമേറ്റഡ് റിപ്പോർട്ട് തയ്യാറാക്കാനും പ്ലാറ്റ്‌ഫോം വഴി സാധിക്കും.