

150 പ്രീമിയം നമ്പർ പ്ലേറ്റുകൾ ലേലത്തിന് വച്ച് ദുബായ് ആർടിഎ: ലേലം തിങ്കളാഴ്ച മുതൽ
ദുബായ്: സ്വകാര്യ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കുമായി 150 പ്രീമിയം നമ്പർ പ്ലേറ്റുകൾ ലേലത്തിന് വെച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . എ, ബി, എച്ച്, ഐ, കെ, എൽ, എം, എൻ, ഒ, പി, ക്യു, ആർ, എസ്, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസഡ് എന്നീ കോഡുകളിലുള്ള മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള ഫാൻസി നമ്പറുകളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രീമിയം പ്ലേറ്റ് നമ്പറുകൾക്കായുള്ള ആർടിഎയുടെ ഓൺലൈൻ ലേല പരമ്പരയിലെ 84-ാമത് ലേലമാണിത്. ലേലത്തിനുള്ള രജിസ്‌ട്രേഷൻ ഇന്ന് തുടങ്ങി. നവംബർ 30 തിങ്കളാഴ്ച ആരംഭിക്കുന്ന ഓൺലൈൻ ലേലം അഞ്ച് ദിവസം മാത്രമായിരിക്കും നടക്കുക. നമ്പർ പ്ലേറ്റുകളുടെ വിൽപനയ്ക്ക് 5 ശതമാനം മൂല്യവർധിത നികുതി ബാധകമായിരിക്കും. ലേലത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ദുബായ് എമിറേറ്റിൽ ട്രാഫിക് ഫയൽ ഉണ്ടായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും ആർടിഎ പുറത്തിറക്കിയിട്ടുണ്ട്. ലേലത്തിൽ പങ്കെടുക്കുന്നവർ ആർടിഎയുടെ പേരിലുള്ള 5,000 ദിർഹത്തിന്റെ സെക്യൂരിറ്റി ചെക്കും, 120 ദിർഹം പങ്കാളിത്ത ഫീസും സമർപ്പിക്കേണ്ടതുണ്ട്. ഉമ്മു റമൂൽ , അൽ ബർഷ , ദേര എന്നിവിടങ്ങളിലെ ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിൽ ഈ തുക അടയ്ക്കാവുന്നതാണ്. കൂടാതെ, ആർടിഎ ആപ്പ് വഴിയോ www.rta.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ കാർഡ് ഉപയോഗിച്ചും പണമടയ്ക്കാൻ സൗകര്യമുണ്ട്.
ലേലത്തിൽ നമ്പറുകൾ സ്വന്തമാക്കുന്നവർ ലേലം അവസാനിച്ച് 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മുഴുവൻ തുകയും അടച്ചുതീർക്കണം. ഇതിൽ വീഴ്ച വരുത്തുന്നവരുടെ പേരുകൾ നിയമലംഘകരായ ലേലക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തും.