ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ജൈറ്റെക്‌സ് ഗ്ലോബൽ 2024ൽ 18 നൂതന പദ്ധതികൾ അവതരിപ്പിച്ചു. ജനറേറ്റിവ് എഐ, വെർച്വൽ മെറ്റാവേഴ്സ് സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന 18 നൂതന സ്മാർട് പ്രോജക്ടുകളും സംരംഭങ്ങളും ആണ് ഇത്തവണ ആർടിഎ പ്രദർശിപ്പിക്കുന്നത്.
സുസ്ഥിര പൊതുഗതാഗതത്തിനായുള്ള ആദ്യ അവസാന മൈൽ സംരംഭം, ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്നതിനും ബസ് ശൃംഖല മാനേജ്‌മെന്‍റ് കാര്യക്ഷമമാക്കുന്നതിനായി രൂപകൽപന ചെയ്ത എഐ ആപ്ലിക്കേഷനുകൾ എന്നിവയാണ് പ്രധാന പദ്ധതികൾ.
ദുബായ് മെട്രൊ, ദുബായ് ട്രാം, ബസുകൾ, ടാക്‌സികൾ, മറൈൻ ട്രാൻസ്‌പോർട്ട് എന്നിവയിലുടനീളമുള്ള പൊതുഗതാഗത നിരക്ക് പേയ്‌മെന്‍റുകൾക്കായി ബയോമെട്രിക് സ്‌കാനിംഗ് പോലുള്ള നിരവധി സ്‌മാർട് സേവനങ്ങളും മൾട്ടി-യൂസ് നോൽ കാർഡും (തിർഹാൽ) ആർടിഎ അവതരിപ്പിക്കുന്നു.
കൂടാതെ, വാഹനങ്ങളുടെ പ്ലേറ്റ് വില പ്രവചിക്കുന്നതിനും മെട്രൊ സ്റ്റേഷനുകളിലെ വൈദ്യുതി, ജല ഉപയോഗം നിരീക്ഷിക്കുന്നതിനും എഐയും ബിഗ് ഡേറ്റയും ഉപയോഗിക്കുന്നു.
സ്മാർട്ട് സ്റ്റേഷൻ
ആർടിഎ പവലിയനിൽ സ്മാർട് സ്റ്റേഷൻ ഉൾപ്പെടെ നിരവധി സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കാൽനട യാത്രകൾ സുരക്ഷിതമാക്കുന്നതിനും സൈക്കിൾ യാത്രക്കാർക്ക് സേവനം നൽകുന്നതിനുമായി രൂപകൽപന ചെയ്ത ഒരു മൾട്ടി-ഫങ്ഷണൽ പോൾ ആണ്.
ഡ്രൈവർ അലേർട്ടുകൾക്കായുള്ള ഗ്രീൻ റോഡ് സംവിധാനം, ഒരു സ്മാർട്ട് റോബോട്ട്, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് പ്ലാറ്റ്ഫോം, അറ്റകുറ്റപ്പണികൾക്കായുള്ള വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ബസ് പരിശോധനകൾ, ക്രാക്ക് കണ്ടെത്തുന്നതിനുള്ള മൈക്രോ വേവ് സാങ്കേതികവിദ്യ എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഡിജിറ്റൽ സ്ട്രാറ്റജി
തടസ്സമില്ലാത്തതും സുസ്ഥിരവും നൂതനവുമായ മൊബിലിറ്റിയിൽ ആഗോള നേതൃത്വം നേടുന്നതിനൊപ്പം റോഡ്, ഗതാഗത സംവിധാനങ്ങളിൽ ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുക എന്ന കാഴ്ചപ്പാട് പിന്തുടരാൻ ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന് ആർടിഎ ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള നേതൃത്വത്തിന്‍റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും മത്താർ അൽ തായർ വിശദീകരിച്ചു.