
അപകട രഹിത വേനൽക്കാലം: ദുബായ് ആർടിഎയുടെ ക്യാംപെയിന് തുടക്കം
ദുബായ്: യുഎഇയിൽ വേനൽ കടുത്തുവരുന്ന സാഹചര്യത്തിൽ അപകടരഹിതമായ വേനൽക്കാലം ഉറപ്പുവരുത്തുന്നതിന് ദുബായ് ആർടിഎ ബോധവൽക്കരണ ക്യാംപെയിൻ തുടങ്ങി.
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ദുബായ് പൊലിസിന്‍റെയും സഹകരണത്തോടെയാണ് ക്യാംപെയിൻ തുടങ്ങിയത്. വാഹനമോടിക്കുന്നവർ പതിവായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ ഗതാഗത വിഭാഗം മേധാവി അഹമ്മദ് അൽ ഖുസൈമി അഭ്യർഥിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപ് ടയർ പ്രഷർ, എഞ്ചിൻ ഓയിൽ, കൂളന്‍റ് അളവ് എന്നിവ പരിശോധിക്കണമെന്നും
എണ്ണയോ വെള്ളമോ ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൂട് 50 ഡിഗ്രി വരെ എത്തുമ്പോൾ, പഴയതും തേഞ്ഞതുമായ ടയറുകൾ പൊട്ടിത്തെറിക്കുകയും മരണം വരെ സംഭവിക്കാവുന്ന റോഡപകടങ്ങൾക്ക് അവ കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് ആർ ടി എ മുന്നറിയിപ്പ് നൽകി.
വാഹനത്തിൽ കുടുങ്ങി പോകുന്നകുട്ടികൾക്ക് ശ്വാസംമുട്ടൽ ഉണ്ടാവാനും മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. എസി പ്രവർത്തിക്കുന്നുണ്ടെങ്കിൽ പോലും അപകടം ഉണ്ടാവാമെന്ന് അൽ ഖുസൈമി ചൂണ്ടിക്കാട്ടി.
ആർടിഎ ചട്ടങ്ങൾ പ്രകാരം, നിർമാണ തീയതി കഴിഞ്ഞ് അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടയറുകൾ യുഎഇ റോഡുകളിൽ അനുവദനീയമല്ലെന്നും ആർടിഎ വ്യക്തമാക്കി.