
മുൻ പൊലീസ് ഓഫിസർമാരുമായി കൂടിക്കാഴ്ച നടത്തി ദുബായ് ഭരണാധികാരി
ദുബായ് : യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് പൊലീസിലെ വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എമിറേറ്റിൽ സുരക്ഷയുടെയും സ്ഥിരതയുടെയും അടിത്തറ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രഗത്ഭ ഓഫിസർമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ദുബായ് യൂണിയൻ ഹൗസിലെ അൽ മുദൈഫ് മജ്‌ലിസിൽ നടന്ന കൂടിക്കാഴ്ചയിൽ മികച്ച പൊലീസിങ് മാതൃക വികസിപ്പിക്കാൻ ഈ മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ സഹായിച്ചതായി ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
വിരമിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനത്തിന് ഷെയ്ഖ് മുഹമ്മദ് ആത്മാർത്ഥമായ നന്ദി അറിയിച്ചു.
ദുബായ് പൊലീസ് അസിസ്റ്റന്‍റ് കമാൻഡർ ഇൻ ചീഫ് (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ) മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, മേജർ ജനറൽ അബ്ദുൽ ഖുദ്ദൂസ് അബ്ദുൽ റസാഖ് അൽ ഉബൈദ്‌ലി, മേജർ ജനറൽ അബ്ദുല്ല അൽ ഗൈതി, മേജർ ജനറൽ അലി അതീഖ്, മേജർ ജനറൽ അലി ഗാനിം, മേജർ ജനറൽ ജമാൽ അൽ ജല്ലാഫ് എന്നിവർ പങ്കെടുത്തു.
രാഷ്ട്രത്തെ സേവിക്കുന്നത് ഒരു യഥാർത്ഥ ബഹുമതിയാണെന്നും, രാഷ്ട്രം നേടിയ പുരോഗതി ഭരണ നേതൃത്വത്തിന്‍റെ അചഞ്ചലമായ പിന്തുണ മൂലമാണെന്നും വിരമിച്ച ഉദ്യോഗസ്ഥർ പ്രതികരിച്ചു.