
ദേര മാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിരക്കേറിയ ദേര മാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. അൽ ഹംരിയ തുറമുഖത്തേക്ക് ഷെയ്ഖ് മുഹമ്മദ് നീങ്ങുമ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ പലരും കടകളിൽ നിന്ന് ഇറങ്ങി നടപ്പാതകളിൽ നിരന്നു.
മീന അൽ ഹംരിയയിലെ ഡിപി വേൾഡ് കാര്യാലയവും അദ്ദേഹം സന്ദർശിച്ചു. 700 മീറ്റർ വലുപ്പത്തിലുള്ള തുറമുഖം നിർമിക്കാനുള്ള പദ്ധതിക്ക് ഷെയ്ഖ് മുഹമ്മദ് നേരെത്തെ അംഗീകാരം നൽകിയിരുന്നു. ഇതോടെ വലിയ കപ്പലുകളെ ഉൾക്കൊള്ളാനും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വികസിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
ദേര മാർക്കറ്റിൽ എത്തുന്നതിന് മുൻപ് മാൾ ഓഫ് ദി എമിറേറ്റ്‌സിലും ഷെയ്ഖ് മുഹമ്മദ് സന്ദർശനം നടത്തിയിരുന്നു. ദുബായ് മെട്രോയിൽ സഞ്ചരിച്ചായിരുന്നു അദ്ദേഹം മാൾ ഓഫ് ദി എമിറേറ്റ്‌സിൽ എത്തിയത്. മെട്രോ സ്റ്റേഷനിൽ നിന്നിറങ്ങി മാളിലേക്ക് നടന്ന ഷെയ്ഖ് മുഹമ്മദിനെ കാണാനും ദൃശ്യം പകർത്താനും ചെയ്യാനും ജനം ചുറ്റും കൂടി. കുട്ടികളോടൊപ്പം സ്നേഹത്തോടെ അദ്ദേഹം ഫോട്ടോകൾ എടുക്കുകയും, കാരുണ്യപൂർവം അവരുടെ ശിരസുകളിൽ തലോടുകയും ചെയ്തു.