
യൂണിയൻ ഹൗസിൽ പ്രമുഖരെ സ്വീകരിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യൂണിയൻ ഹൗസിലെ അൽ മുദൈഫ് മജ്‌ലിസിൽ മന്ത്രിമാരെയും വിശിഷ്ട വ്യക്തികളെയും ബിസിനസ് പ്രമുഖരെയും സ്വീകരിച്ചു. സർക്കാർ-അർധ സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ തലവന്മാർ, നിക്ഷേപകർ തുടങ്ങിയവരടങ്ങിയ സദസ്സുമായി അദ്ദേഹം സംവദിച്ചു.
കൂടിക്കാഴ്ചക്കിടെ, യുഎഇയുടെ വികസന മാതൃകയുടെ അടിത്തറയെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് വിശദീകരിച്ചു. ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ, ജനകേന്ദ്രീകൃത സമീപനം, ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവയിൽ നിന്നാണ് യുഎഇയുടെ വിജയം ഉരുത്തിരിഞ്ഞതെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
തന്ത്രപരമായ ആസൂത്രണം, ദൃഢ നിശ്ചയം, സഹകരണം എന്നിവയുടെ അടിസ്ഥാനത്തിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ചാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.