
ദുബായ്: ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ 30-ാം പതിപ്പിന്‍റെ അന്തിമ സെയ്ൽ വെള്ളിയാഴ്ച തുടങ്ങും. ഫെബ്രുവരി 2 ഞായർ വരെ നീണ്ടുനിൽക്കുന്ന ഫൈനൽ സെയ്‌ലിൽ താമസക്കാർക്കും സന്ദർശകർക്കും വമ്പിച്ച വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്.
2,000 സ്റ്റോറുകളിലായി 500 മുൻനിര ബ്രാൻഡ് ഉൽപ്പന്നങ്ങൾ 90 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. അവസാന നിമിഷ ഡീലുകൾക്ക് പുറമേ, നിസ്സാൻ പട്രോൾ എസ്.ഇ ടൈറ്റാനിയം, ബി.എം.ഡബ്ല്യു 8 സീരീസ്, ജെറ്റോർ 2025 X 90 പ്ലസ് തുടങ്ങിയ പുതിയ കാറുകൾ ഉൾപ്പെടെ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ ലഭിക്കും.
പ്രിവിലേജ് പ്ലസ് ആപ്പ് വഴി പണം ചെലവഴിക്കുന്ന മെർകാറ്റോ, ടൗൺ സെന്റർ ജുമൈറ എന്നിവിടങ്ങളിലെ ഷോപർമാർക്ക് ഒരു പുതിയ ജെറ്റോർ 2025 X 90 പ്ലസ് കാർ നേടാൻ അവസരമുണ്ട്. ദുബൈ ഹിൽസ് മാളിൽ കുറഞ്ഞത് 250 ദിർഹം ചെലവഴിച്ചാൽ ക്യാഷ് പ്രൈസുകളും ഒരു ബി.എം.ഡബ്ല്യു 8 സീരീസ് നേടാനുള്ള അവസരവും ലഭിക്കും.
ഇബ്ൻ ബത്തൂത്ത മാളിൽ 150 ദിർഹം ചെലവഴിച്ചാൽ നിസ്സാൻ പട്രോൾ എസ്ഇ ടൈറ്റാനിയം നേടാനുള്ള അവസരമുണ്ട്. വാഫി സിറ്റിയിൽ 300 ദിർഹമോ അതിൽ കൂടുതലോ ചെലവഴിച്ചാൽ റിവോളിയിൽ നിന്നുള്ള ആഡംബര വാച്ചുകൾ ഉൾപ്പെടെയുള്ള പ്രതിദിന സമ്മാനങ്ങൾ ലഭിക്കാൻ അവസരമുണ്ട്.
മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദേര എന്നിവിടങ്ങളിൽ 300 ദിർഹം ചെലവഴിക്കുന്ന ഷോപർമാർക്ക് 30,000 ദിർഹമിന് തുല്യമായ 300,000 ഷെയർ പോയിന്‍റുകൾ നേടാനാകും.
ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ 300 ദിർഹം ചെലവഴിച്ച് രസീതുകൾ ബ്ലൂ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഷോപർമാർക്ക് 3,000 ദിർഹത്തിന്‍റെ സമ്മാന കാർഡുകൾ നേടാനും അവസരമുണ്ട്.