ദുബായിൽ ആദ്യ സ്മാർട്ട് സ്റ്റേഷനു തുടക്കമിട്ട് ആർടിഎ

ഡിജിറ്റൽ സൗകര്യങ്ങളോടും എഐ സുരക്ഷയോടും കൂടിയ 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്മാർട്ട് ബസ് സ്റ്റേഷൻ മാൾ ഓഫ് എമിറേറ്റ്‌സിൽ
Dubai smart bus station

പൂർണമായും ഡിജിറ്റലൈസ് ചെയ്ത ഈ സ്റ്റേഷനിൽ 24 മണിക്കൂറും യാത്രക്കാർക്ക് സേവനം ലഭ്യമാക്കും.

Updated on

ദുബായ്: ദുബായിൽ അത്യാധുനിക ഡിജിറ്റൽ സൗകര്യങ്ങളോടു കൂടിയ ആദ്യ 'സ്മാർട്ട് ബസ് സ്റ്റേഷൻ' പ്രവർത്തനമാരംഭിച്ചു. ദുബായ് റോഡ് ഗതാഗത അഥോറിറ്റിയാണ് മാൾ ഓഫ് എമിറേറ്റ്‌സിൽ ഈ പുതിയ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്.

പൂർണമായും ഡിജിറ്റലൈസ് ചെയ്ത ഈ സ്റ്റേഷനിൽ 24 മണിക്കൂറും യാത്രക്കാർക്ക് സേവനം ലഭ്യമാക്കും. യാത്രകൾ പ്ലാൻ ചെയ്യാനും, പരാതികൾ അറിയിക്കാനും, ആർടിഎ കോൾ സെന്‍ററുമായി നേരിട്ട് ബന്ധപ്പെടാനും സഹായിക്കുന്ന സ്മാർട്ട് കിയോസ്ക് ഈ സ്റ്റേഷനിലുണ്ട്.

ബസ്, മെട്രോ സമയങ്ങൾ, ടാക്സികളുടെ ലഭ്യത എന്നിവ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേകൾക്ക് പുറമെ, ബസുകളിലെ സീറ്റുകളുടെ ലഭ്യത കൂടി യാത്രക്കാർക്ക് ഇനി തത്സമയം അറിയാൻ സാധിക്കും.

സ്റ്റേഷൻ പൂർണമായും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. വായുവിന്‍റെ ഗുണനിലവാരം പരിശോധിക്കാനുള്ള സ്മാർട്ട് സെൻസറുകളും ഇവിടെ ഘടിപ്പിച്ചിട്ടുണ്ട്. മാൾ ഓഫ് എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള 11 ബസ് റൂട്ടുകളാണ് ഇവിടെ നിന്ന് സർവീസ് നടത്തുക.

അൽ ബർഷ, ജുമൈറ വില്ലേജ് സർക്കിൾ, അറേബ്യൻ റാഞ്ചസ്, ദുബായ് സയൻസ് പാർക്ക്, ദുബായ് സ്റ്റുഡിയോ സിറ്റി, ഉമ്മു സുഖൈം, അൽ സുഫൂഹ്, അൽ മനാറ, അൽ ഖൂസ്, അൽ ഗുബൈബ, ദി ഗ്രീൻസ്, മിറാക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ്. എന്നിവയാണ് ബസ് റൂട്ടുകൾ.

സ്റ്റേഷനിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും വിശ്രമിക്കാൻ സൗകര്യമുണ്ട്. ടിക്കറ്റ് മെഷീനുകൾക്ക് പുറമെ ലഘുഭക്ഷണങ്ങൾ ലഭിക്കുന്ന സ്മാർട്ട് വെൻഡിംഗ് മെഷീനുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത ക്യാമറകൾ വഴിയാണ് സ്റ്റേഷനിലെ സുരക്ഷ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com