

സമ്മിറ്റിന് ദുബായിൽ സമാപനം
ദുബായ്: ലോകത്തെ പ്രമുഖ സോഷ്യൽ മീഡിയ താരങ്ങൾ അണിനിരന്ന വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന് ദുബായിൽ സമാപനമായി. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൾ ലാറ ട്രംപ് മുതൽ നടി സാമന്ത പ്രഭുവരെ ഉച്ചകോടിയിൽ പങ്കെടുത്തു. ടിക് ടോക്കുമായി സഹകരിച്ച് വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് ആരംഭിച്ച എജുക്കേറ്റർ അവാർഡ് മാറ്റ് ഗ്രീന്‍ സമ്മാനിച്ചു. ടിക്ടോക്കിൽ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്ത് പ്രശസ്തനായ വ്യക്തിയും എഴുത്തുകാരനുമാണ് മാറ്റ് ഗ്രീൻ.
വിദ്യാർഥികൾക്ക് ശാസ്ത്ര വിഷയങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനായി സംഗീതം ഉപയോഗപ്പെടുത്തിയാണിദ്ദേഹം ശ്രദ്ധേയനായത്. ഇദ്ദേഹത്തിന് പ്ലാറ്റ്ഫോമിൽ 14 ലക്ഷം ഫോളോവേഴ്സുമുണ്ട്.
സോഷ്യൽ മീഡിയയിലെ ഓരോ പോസ്റ്റും ഉത്തരവാദിത്തത്തോടെ നിർവഹിക്കേണ്ടതാണെന്ന് യു.എ.ഇ സഹമന്ത്രി റീം അൽ ഹാഷ്മി പറഞ്ഞു. ട്രംപിന്റെ മരുമകളും ടി.വി പ്രൊഡ്യൂസറുമായ ലാറ ട്രംപും സദസ്സുമായി സംവദിച്ചു. ഹോളിവുഡ് താരം വിൽസ്മിത്ത്, ഇമറാത്തി ഇൻഫ്ലൂവൻസർ ഖാലിദ് അമീരിയുമായി സംവാദം നടത്തി. ഉള്ളടക്കം നന്മക്കായി’ എന്ന പ്രമേയത്തിൽ യു.എ.ഇ ഗവൺമെന്റ് മീഡിയ ഓഫിസാണ് മൂന്ന് ദിവസത്തെ ഉച്ചകോടി നടത്തിയത്.