
ദുബായ്: ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുകയും ഗതാഗത നിയമം ലംഘിക്കുകയും ചെയ്ത കേസിൽ ഡ്രൈവർക്ക് രണ്ട് വർഷം തടവും ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ച് ദുബായ് ട്രാഫിക് കോടതി. ആരോപണ വിധേയൻ ലഹരിയുടെ സ്വാധീനത്തിൽ വാഹനം ഓടിച്ചതായി കോടതി കണ്ടെത്തി.
ഇൻഷുറൻസ് ഇല്ലാത്ത വാഹനം പൊതു നിരത്തിലിറക്കിയെന്നും കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചുവെന്നും കോടതി വ്യക്തമാക്കി. ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.
ശിക്ഷ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും. ജയിൽ ശിക്ഷ പൂർത്തിയാവും വരെ യു എ ഇ സെൻട്രൽ ബാങ്കിന്റെയും ആഭ്യന്തര വകുപ്പിന്‍റെയും അനുമതിയില്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്താൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.
നിയമലംഘനത്തിന് കടുത്ത ശിക്ഷ
ലഹരിയുടെ സ്വാധീനത്തിലോ മദ്യപിച്ചോ വാഹനം ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന രാജ്യമാണ് യുഎഇ. ജയിൽ ശിക്ഷക്കും പിഴക്കും പുറമെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും.
കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. വാഹനം പിടിച്ചെടുക്കുകയും ചെയ്യും.രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനം ഓടിച്ചാലും സമാനമായ ശിക്ഷ ലഭിക്കും.ഇൻഷുർ ചെയ്യാത്ത വാഹനം ഉപയോഗിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്‍റും ശിക്ഷ ലഭിക്കും. വാഹനം ഏഴ് ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.