

നഷ്ടപരിഹാരം 'ശാമിൽ' ഇൻഷുറൻസ് ഉള്ള വാഹന ഉടമകൾക്ക് മാത്രം
ദുബായ്: മഴക്കെടുതി മൂലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ സമഗ്ര ഇൻഷുറൻസ് അഥവാ 'ശാമിൽ' ഇൻഷുറൻസ് ഉള്ളവർക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി. മഴമൂലം വെള്ളക്കെട്ടിൽ വാഹനം നഷ്ടപ്പെടുക, കാര്യമായ കേടുപാടു സംഭവിക്കുക തുടങ്ങിയവക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ പോളിസിയിൽ 'ശാമിൽ' എന്നു രേഖപ്പെടുത്തിയിരിക്കണം. തകരാർ സംഭവിക്കുമ്പോൾ വാഹനങ്ങൾ നിയമപരമായ പാർക്കിങ്ങിനായി വേർതിരിച്ച സ്ഥലങ്ങളിലോ റോഡുകളിലോ ആയിരിക്കണം.
ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പൊലീസ് റിപ്പോർട്ട് നിർബന്ധമാണ്. താഴ്‌വരകൾ, വെള്ളപ്പൊക്കമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കില്ല.
അപകടം സംഭവിക്കുമെന്നു മുന്നറിയിപ്പുള്ള സ്ഥലങ്ങളിൽ സംഭവിക്കുന്ന തകരാറുകൾക്കും ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല. മഴയും മലവെള്ളപ്പാച്ചിലും, ആലിപ്പഴ വർഷവും കാണാനോ വിഡിയോ ചിത്രീകരിക്കാനോ പോകുമ്പോൾ സംഭവിക്കുന്ന അപകടങ്ങളിൽ ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാവില്ല.