'ഫ്രീ സോൺ മെയിൻലാൻഡ് ഓപ്പറേറ്റിങ് പെർമിറ്റ്' പുറത്തിറക്കി ദുബായ്

ചെറുകിട സ്ഥാപനങ്ങൾ മുതൽ ബഹുരാഷ്ട്ര കമ്പനികൾക്ക് വരെ ഇതിന്‍റെ പ്രയോജനങ്ങൾ ലഭിക്കും.
Dubai's Free Zone MainLorm Operating Permit

'ഫ്രീ സോൺ മെയിൻലാന്‍റ് ഓപ്പറേറ്റിങ് പെർമിറ്റ്' പുറത്തിറക്കി ദുബായ്

Updated on

ദുബായ്: ദുബായിലെ ഫ്രീസോൺ കമ്പനികൾക്ക് ഇനി നേരിട്ട് മെയിൻലാന്‍റിലും വ്യാപാരം നടത്താൻ അനുമതി നൽകുന്ന പുതിയ നിയമം നിലവിൽ വന്നു. ഇതിനായുള്ള 'ഫ്രീ സോൺ മെയിൻലാൻഡ് ഓപ്പറേറ്റിങ് പെർമിറ്റ്' ദുബായ് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കി. ഇതോടെ ഫ്രീസോൺ കമ്പനികൾക്ക് പ്രാദേശിക വിപണിയിൽ ഇറങ്ങാനും സർക്കാർ കരാറുകൾ നേടാനും നിലനിന്നിരുന്ന തടസങ്ങൾ നീങ്ങി. ചെറുകിട സ്ഥാപനങ്ങൾ മുതൽ ബഹുരാഷ്ട്ര കമ്പനികൾക്ക് വരെ ഇതിന്‍റെ പ്രയോജനങ്ങൾ ലഭിക്കും.

ഏകദേശം 10,000-ത്തിലേറെ ഫ്രീസോൺ കമ്പനികൾക്ക് ഇതിന്‍റെ ഗുണം ലഭിക്കും. ആദ്യ വർഷം തന്നെ ബിസിനസ് പ്രവർത്തനങ്ങളിൽ 15-20 ശതമാനം വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ടെക്നോളജി, കൺസൾട്ടൻസി, ഡിസൈൻ, പ്രഫഷണൽ സേവനങ്ങൾ, ട്രേഡിങ് തുടങ്ങിയനിയന്ത്രണങ്ങൾ കുറഞ്ഞ മേഖലകളിലാണ് നിലവിൽ ഈ പെർമിറ്റ് അനുവദിക്കുക.

വൈകാതെ ഇത് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. ഇത് ദുബായിയുടെ മത്സരക്ഷമത വർധിപ്പിക്കുമെന്ന് ദുബായ് ബിസിനസ് രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിങ് കോർപറേഷൻ സിഇഒ അഹമ്മദ് ഖലീഫ അൽ ഖായിസി അൽ ഫലാസി പറഞ്ഞു.

അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

1. പെർമിറ്റിന് 5000 ദിർഹമാണ് ഫീസ്. ആറുമാസമാണ് കാലാവധി. ഇതേ ഫീസ് നൽകി പുതുക്കാം.

മെയിൻലാന്‍റിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിന് 9% കോർപറേറ്റ് ടാക്സ് ബാധകമാകും. ഇതിനായി കമ്പനികൾ പ്രത്യേക സാമ്പത്തിക രേഖകൾ സൂക്ഷിക്കണം.

പുതിയ നിയമനം നടത്തേണ്ട ആവശ്യമില്ല. നിലവിലെ ഫ്രീസോൺ ജീവനക്കാരെ ഉപയോഗിച്ച് തന്നെ മെയിൻലാന്‍റ് പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും.

ദുബായ് യൂണിഫൈഡ് ലൈസൻസ് ഉള്ള കമ്പനികൾക്ക് 'ഇൻവെസ്റ്റ് ഇൻ ദുബായ് ' പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി അപേക്ഷിക്കാം. നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാണ്.

ദുബായിയുടെ സാമ്പത്തിക അജണ്ടയായ ഡി33 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ പുതിയ പെർമിറ്റ് സുപ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഇത് സഹായകമാകും.

2. രസതന്ത്രത്തിന് നൊബേൽ പുരസ്‌കാരം നേടിയ ജോർദാൻ വംശജനായ പ്രഫ. ഒമർ യാഗിയെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.

'കഴിഞ്ഞ വർഷം യാഗിക്ക് 'അറബ് പ്രതിഭാ പുരസ്കാരം' ലഭിച്ചിരുന്നു. ഇത് ദുബായ് ഭരണാധികാരി നേരിട്ടെത്തിയാണ് സമ്മാനിച്ചത്. ഒരു വർഷം മുൻപ് ഞങ്ങൾ പ്രൊഫസർ ഒമർ യാഗിയെ ആദരിച്ചുവെന്നും ഇന്ന് അദ്ദേഹത്തിന് രസതന്ത്ര നൊബേൽ ലഭിച്ചതിൽ തങ്ങൾ സന്തോഷിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ പ്രതിഭയെക്കുറിച്ച് എല്ലാ രാജ്യങ്ങൾക്കുമുന്നിലും ഞങ്ങൾ അഭിമാനിക്കുന്നു. അറബ് യുവത്വത്തിലും പണ്ഡിതന്മാരിലുമുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.

'മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകൾ എന്ന നൂതന വസ്തുക്കളുടെ വികസനത്തിനാണ് സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ എന്നിവർക്കൊപ്പം യാഗിയും പുരസ്‌കാരം പങ്കിട്ടത്. പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ശേഷിയുള്ളതാണ് ഈ കണ്ടെത്തൽ.

3. ലോകോത്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി അബുദാബിയിലെ അൽ ജസീറ ക്ലബ്ബിനായി നിർമിക്കുന്ന പുതിയ സ്‌റ്റേഡിയത്തിന്‍റെ രൂപരേഖയും മാസ്റ്റർ പ്ലാനും യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിലയിരുത്തി. സായിദ് സിറ്റിയിലായിരിക്കും പുതിയ സ്റ്റേഡിയം നിർമിക്കുന്നത്.

24,000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് സ്റ്റേഡിയം രൂപകൽപന ചെയ്തിട്ടുള്ളത്. ഇത് 30,000 പേർക്ക് വരെയായി വികസിപ്പിക്കാൻ സാധിക്കും. 2026-ൽ പദ്ധതിയുടെ നിർമാണം ആരംഭിക്കും. യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ മേൽനോട്ടത്തിലായിരിക്കും നിർമാണ പ്രവർത്തനങ്ങൾ. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പൂർണമായും ശീതീകരിച്ച ഇരിപ്പിടങ്ങൾ, പ്രധാന വേദിയുടെ ഉള്ളിലേക്കും പുറത്തേയ്ക്കും നീക്കാനാകുന്ന പിച്ച് എന്നിവ സ്‌റ്റേഡിയത്തിൽ ഉണ്ടാകും. കാണികൾക്കായി പ്രത്യേക ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ഒരുക്കും. പരിപാടി ഇല്ലാത്ത സമയങ്ങളിലും പ്രവർത്തിക്കുന്ന റസ്റ്ററന്‍റുകളും ലോഞ്ചുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാണ്. കായിക മത്സരങ്ങൾ, ആഘോഷ പരിപാടികൾ, മറ്റ് പൊതു കൂടിച്ചേരലുകൾ തുടങ്ങി വർഷം മുഴുവനും വിവിധ പരിപാടികൾ നടത്താൻ സാധിക്കുന്ന വിധമാണ് സ്റ്റേഡിയം സജ്ജമാക്കുന്നത്.

ഖസ്ർ അൽ ബഹ്‌റിൽ നടന്ന പദ്ധതി അവതരണത്തിൽ അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, വ്യവസായ-നൂതന സാങ്കേതികവിദ്യാ മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, പ്രസിഡന്‍റിന്‍റെ സ്ട്രാറ്റജിക് അഫയേഴ്സ് ഓഫിസ് ചെയർമാനും അബുദാബി എക്‌സിക്യൂട്ടീവ് ഓഫിസ് ചെയർമാനുമായ ഡോ. അഹമ്മദ് മുബാറക് അൽ മസ്‌റൂയി, എക്‌സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൺ അൽ മുബാറക് എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com