
ദുബായിൽ പുതിയ തുരങ്ക പാത: ഗതാഗത സമയം 4 മിനിറ്റിൽ താഴെ മാത്രം
ദുബായ്: ദുബായ് ഉമ്മു സുഖീം സ്ട്രീറ്റിലൂടെയുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി 800 മീറ്റർ ദൈർഘ്യത്തിൽ ഇരു ദിശകളിലേക്കും നാല് പാതകളുള്ള പുതിയ തുരങ്ക പാത ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ ഖൈൽ റോഡുമായുള്ള ഇന്‍റർസെക്ഷനിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായുള്ള ജംഗ്ഷൻ വരെയുള്ള ഉമ്മു സുഖീം സ്ട്രീറ്റ് വികസന പദ്ധതിയുടെ പ്രധാന ഭാഗമാണീ തുരങ്ക പാത.
അൽ ബർഷ സൗത്ത് 1, 2, 3, ദുബായ് ഹിൽസ്, അർജാൻ, ദുബായ് സയൻസ് പാർക് എന്നിവയുൾപ്പെടെ നിരവധി പ്രധാന കമ്മ്യൂണിറ്റികളിലെ പത്ത് ലക്ഷത്തിലധികം താമസക്കാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
''ദുബായിലെ നാല് തന്ത്രപ്രധാന ഇടനാഴികളായ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ശൈഖ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും. ഇത് ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി ഇരു ദിശകളിലേക്കും മണിക്കൂറിൽ 16,000 വാഹനങ്ങളായി വർധിപ്പിക്കുകയും, ഗതാഗതം മെച്ചപ്പെടുത്തുകയും, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനുമിടയിലുള്ള യാത്രാ സമയം 9.7 മിനുട്ടിൽ നിന്ന് 3.8 ആയി കുറയ്ക്കുകയും ചെയ്യുന്നു'' - ആർടിഎ എക്സിക്യൂട്ടിവ് ഡയറക്റ്റർ ബോർഡ് ചെയർമാനും ഡയറക്റ്റർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.