

ബലി പെരുന്നാൾ: എമിറേറ്റുകളിൽ സൗജന്യ പൊതു പാർക്കിങ്
ദുബായ്: ബലി പെരുന്നാൾ അവധിക്കാലത്ത് രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിന്‍റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സൗജന്യ പൊതു പാർക്കിങ് പ്രഖ്യാപിച്ചു. ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എന്നീ പ്രമുഖ എമിറേറ്റുകളിലാണ് നിശ്ചിത ദിവസങ്ങളിൽ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഒഴിവാക്കിയത്. എന്നാൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അവധിക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിലും ടോൾ ഗേറ്റുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഈ മാസം 29 വരെ അഞ്ച് ദിവസത്തേക്കാണ് പൊതു പാർക്കിങ് സൗജന്യമാക്കിയത്. 30 മുതൽ പാർക്കിങ് ഫീസ് പുനഃസ്ഥാപിക്കും. പെരുന്നാൾ തിരക്ക് പരിഗണിച്ച് ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളും ദുബായ് ട്രാമും അവധി ദിവസങ്ങളിൽ സർവീസ് സമയം നീട്ടിയിട്ടുണ്ട്.
മെട്രൊ സർവീസുകൾ ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയും, മറ്റ് ദിവസങ്ങളിൽ രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയുമായിരിക്കും പ്രവർത്തിക്കുക. ട്രാം സർവീസുകൾ ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ 6 മുതൽ പുലർച്ചെ 1 വരെയുമായിരിക്കും.
അബുദാബിയിൽ 29 വരെ ‘മവാഖിഫ്’പൊതു പാർക്കിങ് സൗജന്യമായിരിക്കും. ഞായറാഴ്ചകളിലെ പതിവ് സൗജന്യ പാർക്കിങ് കൂടി ഉൾപ്പെടുമ്പോൾ താമസക്കാർക്ക് കൂടുതൽ ദിവസം ഇതിന്‍റെ പ്രയോജനം ലഭിക്കും. കൂടാതെ ‘ദർബ്’ടോൾ ഗേറ്റ് സംവിധാനത്തിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാസ് അൽ നഖൽ, അൽ മഖ്ത, റബ്ദാൻ, അൽ സാദിയാത് എന്നീ ടോൾ ഗേറ്റുകൾ വഴിയുള്ള യാത്ര സൗജന്യമായിരിക്കും.
എന്നാൽ അൽ ഖുറം, ഗാന്തൂത് എന്നീ ഗേറ്റുകളിൽ പെരുന്നാൾ അവധി ദിവസങ്ങളിലും പതിവുപോലെ ടോൾ ഫീസ് (4 ദിർഹം) ഈടാക്കും. 30 മുതൽ അബുദാബിയിലും സാധാരണ രീതിയിലുള്ള പാർക്കിങ്, ടോൾ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ഷാർജയിൽ പെരുന്നാളിന്‍റെ ആദ്യ മൂന്ന് ദിവസങ്ങളിലാണ് പൊതു പാർക്കിങ് സൗജന്യമായിരിക്കുക. എന്നാൽ നീല ബോർഡുകൾ സ്ഥാപിച്ച പ്രത്യേക പെയ്ഡ് പാർക്കിങ് സോണുകളിലും കമേഴ്സ്യൽ, ടൂറിസ്റ്റ് മേഖലകളിലും പാർക്കിങ് ഫീസ് നൽകേണ്ടി വരും. അജ്മാനിൽ 26 മുതൽ 29 വരെ എല്ലാ പൊതു പാർക്കിങ് കേന്ദ്രങ്ങളും സൗജന്യമായിരിക്കും. നിർദേശിച്ചു.