
ഗാസയിലേക്ക് അടിയന്തര സഹായം: യുഎഇ യും ഇസ്രായേലും തമ്മിൽ ധാരണ
അബുദാബി: കടുത്ത പ്രതിസന്ധി നേരിടുന്ന ഗാസയിലെ ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുന്ന കാര്യത്തിൽ ഇസ്രായേലും യുഎഇയും തമ്മിൽ ധാരണയിലെത്തി. പട്ടിണി മൂലം വലയുന്ന ശിശുക്കൾക്കും ബേക്കറികളുടെ പ്രവർത്തനത്തിനുമുള്ള സഹായ വിതരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ 15,000 പേർക്ക് നൽകാനുള്ള ഭക്ഷ്യ സാധനങ്ങൾ നൽകും.
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാറും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് മാർച്ച് 2 മുതൽ ഇസ്രായേൽ സഹായങ്ങൾക്കുള്ള ഉപരോധം തുടരുകയാണ്.
ഗാസയിലേക്ക് പരിമിതമായ സഹായം മാത്രമാണ് ഇസ്രായേൽ അനുവദിക്കുന്നത്. ഗാസയിൽ രണ്ട് ദശലക്ഷം പേർ കൊടും പട്ടിണിയിലാണെന്ന് അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം അതിർത്തിയിൽ ടൺ കണക്കിന് ഭക്ഷണം ഇസ്രായേൽ തടഞ്ഞുവച്ചിരിക്കുയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗാസയിൽ സൈനിക ആക്രമണം തുടർന്നാൽ ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ബ്രിട്ടൺ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.