
"ഷെയ്ഖ് മുഹമ്മദ് എന്‍റെ ആരോഗ്യവും സ്വപ്നങ്ങളും തിരിച്ചുതന്നു"; കാൻസർ അതിജീവനാനുഭവം പങ്കുവച്ച് 15 കാരി ഫാത്തിമ
ദുബായ്: കാൻസർ അതിജീവിതരെ ആദരിക്കുന്നതിനായി ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി നടത്തിയ ഒരു പരിപാടിയിൽ ഫാത്തിമ അഹമ്മദ് ഹസൻ തന്‍റെ അനുഭവം പങ്കുവച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. പതിനഞ്ചാം വയസിൽ സാർകോമ കാൻസർ സ്ഥിരീകരിച്ചപ്പോൾ അവളും കുടുംബവും കടുത്ത നിരാശയിലമർന്നു.
ജീവിതം പൂർണമായും കൈവിട്ട് പോയതുപോലെ. ദീർഘവും ചെലവേറിയതുമായ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നറിയാതെ കുടുംബാംഗങ്ങളും പ്രതിസന്ധിയിലായി. മുന്നിൽ ഇരുട്ട് മാത്രം നിറഞ്ഞ ഘട്ടത്തിലാണ് പ്രതീക്ഷയുടെ വെളിച്ചം പകർന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ വാഗ്‌ദാനം എത്തുന്നത്. ചികിത്സയുടെ മുഴുവൻ ചെലവും വഹിക്കാമെന്ന ജീവിതത്തോളം മൂല്യമുള്ള വാഗ്‌ദാനം.
പ്രൊഫ. ഹുമൈദ് അൽ ഷംസി
'ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്‍റെ മുഴുവൻ ചികിത്സാ ചെലവും വഹിച്ചു. അദ്ദേഹത്തിന്‍റെ ദയ എന്‍റെ പ്രതീക്ഷയും ആരോഗ്യവും സ്വപ്നങ്ങളും തിരികെ നൽകി." വികാരഭരിതയായി ഫാത്തിമ പറഞ്ഞു. മാസങ്ങൾ നീണ്ട തീവ്രമായ ചികിത്സയ്ക്ക് ശേഷം, ഫാത്തിമ കാൻസർ മുക്തയായി. ഒരു നേഴ്‌സ് ആവണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ഫാത്തിമ പറയുന്നു.“നഴ്‌സുമാർ എന്നെ സഹായിച്ചതുപോലെ മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.' ഫാത്തിമ വ്യക്തമാക്കി. യുഎഇയിലെ 25 ആശുപത്രികളിൽ നിന്നുള്ള 100 കാൻസർ അതിജീവിതരെയാണ് എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി ആദരിച്ചത്.
ഓരോരുത്തരും പങ്കുവെച്ചത് ഉറച്ച ഇച്ഛാശക്തി കൊണ്ടും സമാനതകളില്ലാത്ത സഹനം കൊണ്ടും ജീവിതം തിരിച്ചുപിടിച്ച അനുഭവങ്ങൾ.
ഫുട്ബോൾ കളിക്കാരനാവാൻ മോഹിച്ച, ഇനി ഡോക്ടറാവാൻ ഇഷ്ടപ്പെടുന്ന 11 വയസുള്ള ഹംദാൻ സയീദ് അൽ ഫലാസി, അപ്രതീക്ഷിതമായി രോഗിയാവേണ്ടി വന്ന ഡോ. ഹിന്ദ് സലാമ, അപൂർവമായ കാൻസർ ബാധിച്ച 23 കാരൻ മുസ്തഫ ഒസാമ തുടങ്ങിയവരെല്ലാം പങ്കുവെച്ചത് പോരാട്ടത്തിന്‍റെയും യു എ ഇ യിലെ ആരോഗ്യ സംവിധാനത്തിന്‍റെ മികവിന്‍റെയും സാക്ഷ്യങ്ങൾ. അതിജീവിതരുടെ സംഗമം പ്രതിരോധശേഷിയുടെ ആഘോഷമാണെന്നും ലോകോത്തര കാൻസർ പരിചരണത്തോടുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്നും എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്‍റ് പ്രൊഫ. ഹുമൈദ് അൽ ഷംസി പറഞ്ഞു. "അതിജീവിച്ചവരെ ആദരിക്കുക മാത്രമല്ല, ഗവേഷണം, നവീകരണം, നേരത്തെയുള്ള രോഗ നിർണയം എന്നിവയ്ക്കുള്ള ഞങ്ങളുടെ സമർപ്പണത്തെ വീണ്ടും ഉറപ്പിക്കുക എന്നത് കൂടിയാണ് ഇതിന്‍റെ ലക്ഷ്യം'- പ്രൊഫ. അൽ ഷംസി പറഞ്ഞു.