
യുഎഇയിൽ ലുലുവിന്‍റെ സൗരോർജ പദ്ധതി
ദുബായ്: യുഎഇയുടെ സുസ്ഥിരതാ നയത്തിന് പിന്തുണ നൽകുന്നതിന്‍റെ ഭാഗമായി സൗരോർജ പദ്ധതിയുമായി ലുലു റീട്ടെയ്ൽ രംഗത്ത് വന്നു. പോസിറ്റീവ് സീറോ ഗ്രൂപ്പുമായി സഹകരിച്ചാണ് ലുലു കേന്ദ്രങ്ങളിലെ സോളാർ റൂഫ്ടോപ്പ് സംവിധാനങ്ങൾ നിർമിക്കുന്നത്.
ദുബായ് അൽ വർഖ, ദുബായ് ഇൻവെസ്റ്റ്മെൻറ് പാർക്ക്, റഷീദിയ ലുലു ഹൈപ്പർമാർക്കറ്റുകൾ, ലുലു സെൻട്രൽ ലോജിസ്റ്റിക്സ് സെൻറർ, ദുബായ് റീജിയിണൽ ഓഫീസ് എന്നിവടങ്ങളിലാണ് സോളാർ റൂഫ്ടോപ്പ് സ്ഥാപിച്ചത്. ഇതിലൂടെ 37 മില്യൺ കിലോവാട്ടിലധികംശുദ്ധ ഊർജം ഉത്പാദിപ്പിക്കാനാകും. 25000 ടണ്ണോളം കാർബൺ എമിഷൻ കുറയ്ക്കാൻ പദ്ധതി വഴിവയ്ക്കും. നാല് ലക്ഷത്തിലധികം പുതിയ ചെടികൾ നടുന്നതിന് തുല്യമാണിത്. 6000 ഗ്യാസോലിൻ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് ഒഴിവാകുന്നതിനും, 9000 ടൺ മാലിന്യ നിർമാർജനത്തിനും സമാനമാണ് ഈ നേട്ടം. 58000 ബാരൽ എണ്ണ സംരക്ഷണത്തിന് പദ്ധതി സഹായകരമാകും.
പോസിറ്റീവ് സീറോ ഗ്രൂപ്പുമായി സഹകരിച്ചുള്ള പദ്ധതിയുടെ ധാരണാപത്രം ദുബായിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, പോസിറ്റീവ് സീറോ ചെയർമാൻ അബ്ദുൾ ഗാഫർ ഹുസൈൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലുലു ബിസിനസ് ഡവലപ്പ്മെൻറ് റീജിയണൽ ഡയറക്ടർ ഹുസെഫ മൂസ രൂപാവാല, പോസിറ്റീവ് സീറോ സിഇഒ ഡേവിഡ് ഔറായു എന്നിവർ ചേർന്ന് ഒപ്പുവച്ചു.
യുഎഇയുടെ സുസ്ഥിരതാ നീക്കങ്ങൾക്കും 'നെറ്റ് സീറോ 2050' ലക്ഷ്യങ്ങൾക്കും പിന്തുണ നൽകുന്നതിനായാണ് പദ്ധതിയെന്നും ഊർജ സംരക്ഷണത്തിൻറെ പ്രാധാന്യം ഉയർത്തികാട്ടുകയാണ് ലുലുവെന്നും ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ പറഞ്ഞു.
കാർബൺ എമിഷൻ വലിയതോതിൽ കുറയ്ക്കുന്ന പദ്ധതിയിൽ ലുലുവിനൊപ്പം സഹകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് പോസിറ്റീവ് സീറോ സിഇഒ ഡേവിഡ് ഔറായു വ്യക്തമാക്കി.
ദുബായ് സിലിക്കൺ സെൻട്രൽ മാൾ, ബഹ്റൈൻ ലുലു ഹൈപ്പർമാർക്കുകൾ മാളുകൾ, ലോജിസ്റ്റിക്സ് വെയർഹൗസ് എന്നിവടങ്ങളിലായി നിലവിൽ പോസിറ്റീവ് സീറോയുമായി സഹകരിച്ച് ലുലു സൗരോർജ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.