

ഇത്തിഹാദ് റെയിൽ; ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ചു
ദുബായ്: യുഎഇയുടെ ദേശിയ റയിൽവേ ലൈനായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്‍റെ ഭാഗമായി ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി അധികൃതർ (പ്രഖ്യാപിച്ചു. ഇതോടെ ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ആകെ സ്റ്റേഷനുകളുടെ എണ്ണം 11 ആയി. അൽ സില, അൽ ദന്ന, അൽ മിർഫ, മദീനത്ത് സായിദ്, മെസൈറ, അൽ ഫയ, അൽ ദൈദ് എന്നിവയാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ച സ്റ്റേഷനുകൾ. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഷാർജ യൂണിവേഴ്സിറ്റി സിറ്റി, ഫുജൈറ അൽ ഹിലാൽ ഏരിയ എന്നീ സ്റ്റേഷനുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളാണ് ട്രെയിനുകളിൽ ഒരുക്കിയിരിക്കുന്നത്.
ബിസിനസ്, ഇക്കണോമി ക്ലാസുകൾ ഇതിലുണ്ടാകും. ബിസിനസ് ക്ലാസിൽ 16 സീറ്റുകളും ഇക്കണോമിയിൽ 56 സീറ്റുകളുമാണുള്ളത്.
അത്യാധുനികമായ ഇന്‍റരിയർ, വൈഫൈ സൗകര്യം, ഓരോ സീറ്റിലും പവർ ഔട്ട്‌ലെറ്റുകൾ എന്നിവ യാത്രക്കാർക്ക് മികച്ച അനുഭവം നൽകും. 13 ട്രെയിനുകളിൽ പത്തെണ്ണം ഇതിനകം രാജ്യത്തെത്തിക്കഴിഞ്ഞു. ഒരു ട്രെയിന് 400 യാത്രക്കാരെ ഒരേസമയം വഹിക്കാൻ ശേഷിയുണ്ട്.7,000 വിദഗ്ധരും തൊഴിലാളികളും ചേർന്ന സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഏകദേശം 24.5 ദശലക്ഷം പ്രവൃത്തി മണിക്കൂറുകളാണ് ഈ ട്രാക്കുകൾക്കായി ചെലവഴിച്ചത്. ആഗോള ഗതാഗത രംഗത്തെ പ്രമുഖരായ കിയോലിസുമായി (Keolis) ചേർന്നാണ് ഇത്തിഹാദ് സർവീസ് നടത്തുന്നത്.
സ്റ്റേഷനുകളിൽ നിന്ന് ബസുകൾ, ടാക്സികൾ, പാർക്കിങ് സൗകര്യം എന്നിവയും ഇത്തിഹാദ് റെയിൽ ഉറപ്പാക്കും. റോഡിലെ തിരക്ക് കുറയ്ക്കാനും വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാനും ഇത്തിഹാദ് റെയിൽ എത്തുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.